കോഴിക്കോട് : മലബാറിന്റെ വ്യാവസായിക ഭൂമിക, ചരിത്ര ലാളനകളേറ്റ തുറമുഖ കേന്ദ്രം. കടലും കരയും പുഴയുമെല്ലാം ഉപജീവനമാർഗമാക്കിയ പ്രദേശമാണ് ബേപ്പൂർ. ഇന്നാട്ടുകാർ മാത്രമല്ല, തൊഴിൽ തേടിയെത്തി ജീവിതം ഉറപ്പിച്ചവരും നിരവധി. ഇളകാത്ത ഇടതുകോട്ടയിൽ ഇത്തവണയും ചെങ്കൊടി പാറുമോ?... അതോ 1977 ലെ വിജയം യു.ഡി.എഫ് ആവർത്തിക്കുമോ ?.. അടിത്തറ ശക്തമായ ബേപ്പൂരിൽ എന്ത് അത്ഭുമാണ് ബി.ജെ.പി കരുതിവെയ്ക്കുന്നത് ?..
മുന്നണികൾ മൂവരും പ്രചാരണ ചൂടിൽ തിളച്ചുമറിയുകയാണ്. തുടർഭരണത്തിനും വികസനത്തുടർച്ചയ്ക്കും വോട്ട് തേടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എ മുഹമ്മദ് റിയാസിന്റെ പര്യടനം. വികസന മുരടിപ്പും പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ചയും തൊഴിലില്ലായ്മയും ആയുധമാക്കിയാണ് യു.ഡി.എഫിന്റെ അഡ്വ. പി.എം. നിയാസും എൻ.ഡി.എയുടെ അഡ്വ. കെ.പി. പ്രകാശ്ബാബുവും മണ്ഡലത്തിൽ നിറയുന്നത്.
ജില്ലയിൽ ഇതര മണ്ഡലങ്ങളിലെ പ്രചാരണത്തിൽ നിന്ന് അൽപ്പം വേറിട്ടതാണ് ബേപ്പൂരിലേത്. നാടിന്റെ ചരിത്രവും വർത്തമാനവും ഇഴപിരിഞ്ഞതിന്റെ കലുഷിത മണ്ണിലേക്ക് എത്തുന്ന സ്ഥാനാർത്ഥികൾക്ക് വാക്കുകളെ മൗനത്തിൽ ഒളിപ്പിക്കേണ്ടി വരികയാണ്. ഓട്, മരം, തീപ്പെട്ടി, ചെരുപ്പ് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളും തുറമുഖവും പുഴയുമായി ബന്ധപ്പെട്ട തൊഴിലുമായിരുന്നു നാടിന്റ പ്രധാന വരുമാന മാർഗം. കാലം പിന്നിട്ടപ്പോൾ വ്യവസായങ്ങൾ മിക്കതും നിലം പൊത്തി. ചെരുപ്പ് വ്യവസായം മാത്രം നിലനിന്നു. 13 ഓട് കമ്പനികളിൽ പതിനൊന്നും പൂട്ടി. തൊഴിലാളികൾക്ക് പണിയില്ലാതായി. പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സാമ്പത്തിക അവസ്ഥയും മോശമായി തുടരുകയാണ്. തുറമുഖ വികസനവും കാര്യമായി ഉണ്ടായില്ല. മത്സ്യമേഖലയിലും പ്രതിസന്ധിയേറി നിൽക്കുന്നു.
കോ.ലീ.ബി സഖ്യത്തിന് വിട്ടുനൽകാതെ കാത്ത മണ്ഡലം നിലനിർത്തുകയെന്ന ദൗത്യമാണ് മുഹമ്മദ് റിയാസിനെ ഏൽപ്പിച്ചത്. യുവാക്കളും സാംസ്കാരിക പ്രവർത്തകരുമെല്ലാം ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റിന്റെ വിജയത്തിനായി മണ്ഡലത്തിൽ സജീവമാണ്. ഒപ്പം ശക്തമായ പാർട്ടി സംവിധാനവും. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച നേട്ടം കൂടിയാകുമ്പോൾ വിജയം ഉറപ്പിക്കുകയാണ് ഇടതുപക്ഷം.
1977ൽ സി.പി.എമ്മിലെ കരുത്തനായ കെ. ചാത്തുണ്ണി മാസ്റ്ററെ തറപറ്റിച്ച കോൺഗ്രസിലെ എൻ.പി. മൊയ്തീന്റെ വിജയഗാഥ പി.എം. നിയാസിലൂടെ ആവർത്തിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. 77ന് ശേഷം ഇടതുചെരിഞ്ഞോടിയ മണ്ഡലത്തിൽ പി.എം. നിയാസിന്റെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളാണ് യു.ഡി.എഫിന്റെ വിജയ പ്രതീക്ഷ . തൊഴിലാളികളുടെ പ്രതിഷേധവും നിരാശയും മണ്ഡലത്തിന്റെ മനസ് മാറ്റുമെന്നാണ് യു.ഡി.എഫ് കരുതുന്നത് . ലോക്‌സഭ തിരഞ്ഞെടുപ്പിലെ 10423 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷയ്ക്ക് നിറം നൽകുകയാണ്.
അടിത്തറ ശക്തമാണെന്ന ആത്മബലത്തിൽ ജയിക്കാൻ ഉറച്ചാണ് എൻ.ഡി.എ. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണം കൊഴുപ്പിക്കാൻ എത്തുന്നു. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ പ്രകാശ് ബാബു തന്നെയാണ് ഇത്തവണയും മത്സര രംഗത്ത്. തുറമുഖ -തീരദേശ മേഖലയുടെയും വ്യാവസായിക മേഖലയുടെയും വികസനം ഉറപ്പുനൽകിയാണ് ബി.ജെ.പി മണ്ഡലത്തിൽ വോട്ട് തേടുന്നത്.
" അഞ്ച് വർഷം കൊണ്ട് വലിയ വികസനങ്ങളാണ് മണ്ഡലത്തിൽ ഉണ്ടായത്. സ്കൂളുകൾ, റോഡുകൾ എല്ലാം മികച്ച രീതിയിൽ നവീകരിച്ചു. തുറമുഖം ഉൾപ്പെടെയുള്ള മേഖലകളിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു. നല്ല സ്വീകരണമാണ് മണ്ഡലത്തിൽ ലഭിക്കുന്നത്. വ്യാവസായിക മുന്നേറ്റത്തിന് പദ്ധതികൾ നടപ്പാക്കും. രാഷ്ട്രീയമായും എൽ.ഡി.എഫ് ഏറെ മുന്നിലാണ് " -അഡ്വ. പി.എ. മുഹമ്മദ് റിയാസ് ( എൽ.ഡി.എഫ്)
" പരമ്പരാഗത വ്യവസായ കേന്ദ്രങ്ങൾ നശിച്ചു. സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. തുടർച്ചയായി ജയിച്ചുവരുന്ന എൽ.ഡി.എഫിനാണ് അതിന്റെ ഉത്തരവാദിത്വം. തീരദേശ ജനത കടുത്ത പ്രതിസന്ധിയിലാണ്. ജനങ്ങളോടൊപ്പം നിന്ന് അവർക്കാവശ്യമായ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. വ്യാവസായിക മേഖലയുടെ തിരിച്ചുവരവിന് പ്രാധാന്യം നൽകും. ജനങ്ങൾ മാറി ചിന്തിക്കും."........... അഡ്വ.പി.എം. നിയാസ് (യു.ഡി.എഫ് )
" തീരദേശ-തുറമുഖ വികസനം അട്ടിമറിക്കപ്പെട്ടു. മണ്ഡലത്തിൽ എന്തെങ്കിലും വികസനം നടന്നത് അമൃത് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ പദ്ധതികളുടെ ഭാഗമായാണ്. വ്യാവസായിക മേഖലയുടെ തകർച്ചയ്ക്ക് ഇരുമുന്നണികൾക്കും പങ്കുണ്ട്. കുത്തക വ്യവസായങ്ങൾക്ക് മാത്രമാണ് നിലനിൽക്കാനാകുന്നത്. കേന്ദ്രസർക്കാറിന്റെ പദ്ധതികൾ നടപ്പാക്കിയുള്ള സമഗ്ര വികസനമാണ് ലക്ഷ്യം. അതിനായി ബദൽ രേഖ തയ്യാറാക്കും. " ., അഡ്വ. കെ.പി. പ്രകാശ്ബാബു ( എൻ.ഡി.എ)
ഇടതിന്റെ ഇളകാത്ത കോട്ട
മണ്ഡല രൂപീകരണ ശേഷം 1965 ലും1967 ലും 70 ലും കെ. ചാത്തുണ്ണി മാസ്റ്ററാണ് ബേപ്പൂരിന്റെ സാരഥി. 1977 ൽ കോഴിക്കോട്ടുകാരനായ എൻ.പി. മൊയ്തീൻ ചാത്തുണ്ണി മാസ്റ്ററെ തോൽപിച്ച് കോൺഗ്രസ് അട്ടിമറി വിജയംനേടി. 1980 ൽ എൻ.പി. മൊയ്തീൻ ഇടതുപക്ഷത്ത് നിന്ന് വിജയിച്ചു. 1980 ൽ സി.പി.എമ്മിലെ കെ. മൂസക്കുട്ടിയും 1987, 1991, 1996 തിരഞ്ഞെടുപ്പുകളിൽ ടി.കെ. ഹംസയും ജയിച്ചു. കോ.ലീ.ബി സഖ്യം എന്ന വിളിപ്പേര് കിട്ടിയ 91ലെ തിരഞ്ഞെടുപ്പിൽ ഡോ. കെ. മാധവൻകുട്ടിയ ടി.കെ. ഹംസ പരാജയപ്പെടുത്തി. 2001ൽ വി.കെ.സി. മമ്മദ് കോയയും 2006 ലും 2011 ലും എളമരം കരീമും വിജയിച്ചു. 2016 വി.കെ.സി മമ്മദ്കോയ വീണ്ടും എം.എൽ.എ ആയി.
നിയമസഭ 2016
വി.കെ.സി മമ്മദ് കോയ (എൽ.ഡി.എഫ്) - 69114
ആദംമുൽസി ( യു.ഡി.എഫ്) - 54751
കെ.പി. പ്രകാശ്ബാബു ( എൻ.ഡി.എ) - 27958
ലോകസഭ 2019
എം.കെ. രാഘവൻ (യു.ഡി.എഫ് )- 69402
എ. പ്രദീപ്കുമാർ ( എൽ.ഡി.എഫ്) - 58979
കെ.പി. പ്രകാശ്ബാബു ( എൻ.ഡി.എ) - 25697