ബാലുശ്ശേരി: നർമ്മം കലർത്തി രാഷ്ട്രീയവും വികസനവും പറഞ്ഞ് ചലച്ചിത്രതാരം അനൂപ് ചന്ദ്രന്റെ പര്യടനം. ബാലുശ്ശേരി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സച്ചിൻദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മണ്ഡലത്തിൽ എത്തിയതായിരുന്നു താരം. പ്രസംഗവേദികളിലെല്ലാം ഇടതുസർക്കാർ നാടിന് നൽകിയ നന്മകൾ വോട്ടർമാരുടെ മുന്നിൽ നിരത്തി. സിനിമയല്ല ജീവിതമെന്നും സാധാരണക്കാരന്റെ ജീവിതം പഠിച്ചവരായിരിക്കണം നിയമസഭയിലെത്തേണ്ടതെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. കോക്കല്ലൂർ, പനങ്ങാട്, കായണ്ണ, മൊടക്കല്ലൂർ, പൂനൂർ, കിനാലൂർ, കാവുന്തറ എന്നിവിടങ്ങളിൽ നടന്ന കുടുംബ സംഗമങ്ങളിലും തിരഞ്ഞെടുപ്പ് റാലികളിലുമായിരുന്നു അനൂപ് ചന്ദ്രന്റെ സാന്നിദ്ധ്യം. കമ്യൂണിസ്റ്റുകാരനെന്ന് പറയാൻ അഭിമാനമുണ്ട്. വികസന പക്ഷത്ത് ആര് നിൽക്കുന്നു എന്നതാണ് മലയാളനാട് ചർച്ച ചെയ്യുന്നത്. ആരും തെരുവിൽ കിടക്കേണ്ടിവരില്ലെന്നും ആർക്കും ഭക്ഷണമില്ലാതെ ജീവിക്കേണ്ടിവരില്ലെന്നും പറയുന്ന ഭരണാധികാരിയുണ്ടെന്നുള്ളത് മലയാളികൾക്ക് അഭിമാനമാണ്. സംസ്ഥാനത്ത് സർക്കാർ ആനുകൂല്യം കിട്ടാത്ത ഒരു കുടുംബവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അടച്ചുറപ്പുള്ള വീട്, കഴിക്കാനാഹാരം, കുടിക്കാൻ വെള്ളം, ഇരുട്ടകറ്റി വെളിച്ചം, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയൊക്കെ മലയാളികൾക്ക് ലഭിച്ചു. നന്മയെ ചേർത്തു പിടിച്ച വികസന പക്ഷത്തിനൊപ്പമാണെന്ന ഉറപ്പാണ് ഈ തിരഞ്ഞെടുപ്പിൽ നാട് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.