
ഹൈന്ദവ ക്ഷേത്രങ്ങളിന്മേൽ കൂടുതൽ സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് എം. നാഗേശ്വര റാവു, പി.കെ.ഡി. നമ്പ്യാർ എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന മിക്കവാറും കാര്യങ്ങളോട് ഓർത്തഡോക്സ് സഭയ്ക്ക് യോജിപ്പാണ്. മതങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്ന ഭരണഘടനയുടെ 26-ാം വകുപ്പ് സംരക്ഷിക്കപ്പെടണമെങ്കിൽ മതങ്ങൾക്ക്
വളരാനുള്ള സ്രോതസുകളിന്മേൽ ബാഹ്യ ഇടപെടലുകൾ കുറഞ്ഞിരിക്കണം.
സാമ്പത്തികകാര്യങ്ങളിൽ യാതൊരു നിയന്ത്രണവും വയ്ക്കാതെ ഇഷ്ടംപോലെ പണം കൈകാര്യം ചെയ്യാനും ഭരണം നടത്താനും അനുമതി നൽകണമെന്നല്ല അതിനർത്ഥം. ധനപരമായ കാര്യങ്ങളിൽ, പണം എന്തിന് എങ്ങനെ ചെലവഴിക്കണമെന്നതിന് സർക്കാരിന് കൃത്യമായ റിപ്പോർട്ടുകൾ നൽകേണ്ടതും, നിബന്ധനകൾക്ക് അകത്തു നിന്നുകൊണ്ട് ധനവിനിമയം നടത്തേണ്ടതും ആവശ്യം തന്നെ. സുതാര്യമായ ഭരണത്തിന് അതെല്ലാം അനിവാര്യമാണ്. എന്നാൽ ഭരണസമിതിയിലെ അംഗങ്ങളുടെ കാര്യത്തിലും മറ്റും ഗവൺമെന്റ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പലതരത്തിലുള്ള ദുഷ്പ്രവണതകൾക്കും കാരണമാകും.
ക്രിസ്തീയ സഭകളുടെ കാര്യം പൊതുവായി പറയാൻ ഞാൻ പ്രാപ്തനല്ലെങ്കിലും, മിക്കവാറും സഭകളിൽ, ഇടവകതലത്തിലും സഭാതലത്തിലും കണക്കുകൾ പരിശോധിക്കുകയും പല സമിതികളിൽ അത് പാസാക്കിയ ശേഷം ആദായനികുതി വകുപ്പിന് അത് സമർപ്പിക്കുകയും ചെയ്യുന്ന പതിവാണ് നിലനില്‌ക്കുന്നതെന്ന് പറയാനാവും.
മലങ്കര ഓർത്തഡോക്‌സ് സഭയുടെ കാര്യമാകട്ടെ വ്യക്തമായി പറയാൻ സാധിക്കും. പണം ചെലവാക്കുന്നത് എന്തിനുവേണ്ടി, എങ്ങനെ എന്നതിന് കൃത്യതയും വ്യക്തതയുമുണ്ട്. അത് നിരന്തരം ആദായ നികുതിവകുപ്പിന്റെ
നിരീക്ഷണത്തിലുമാണ് നടക്കുന്നത്. ക്രമക്കേടുകളുണ്ടാകുന്ന പക്ഷം അവയ്ക്ക് കാരണക്കാരെ വരുതിക്കു കൊണ്ടുവരുന്നതിനുള്ള നിയമങ്ങൾ ഇപ്പോൾത്തന്നെ നിലവിലുണ്ടല്ലോ.
അവിടെ ചർച്ച് ആക്ട് പോലെ ഒരു പുതിയ നിയമം കൊണ്ടുവന്ന് സഭകളുടെ പ്രവർത്തനത്തെ താറുമാറാക്കേണ്ട ഒരാവശ്യവും കാണുന്നില്ല. ഏതെങ്കിലും സഭയിൽ ദുർഭരണം നടക്കുന്നു എന്ന് വ്യക്തമാകുന്ന പക്ഷം ഭരണഘടനയുടെ ഉള്ളിൽത്തന്നെ നിർവചിച്ചിട്ടുള്ള പ്രകാരം സർക്കാരിന് ഇടപെടാനുള്ള അവസരമുണ്ടല്ലോ. ഇതിനുപകരം സർക്കാരിന് നിയന്ത്രണങ്ങൾ വിട്ടുകൊടുക്കുന്നതും ഭരണസമിതിയിൽ സർക്കാർ ഇടപെടൽ അനുവദിക്കുന്നതും അനാവശ്യമാണ്. അത് രാഷ്ട്രീയ ലാഭത്തെ ലാക്കാക്കി ബന്ധപ്പെട്ടവർക്ക് പ്രവർത്തിക്കാൻ അവസരമൊരുക്കും; അതിനാൽ ഇത്തരം ഇടപെടലുകൾ ഒഴിവാക്കുന്നതാണ് ഉചിതം.
(കോട്ടയം, ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലാണ് ലേഖകൻ)