fund

കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി മോഹികളും പാർട്ടികളും ഓട്ടത്തിലാണ്. വരവും ചെലവും കൂട്ടിമുട്ടിക്കാൻ ഫണ്ട് വേണം. സീറ്റ് ഉറപ്പാക്കിയവർ വ്യക്തിപരമായി സോഴ്സുകളെ കണ്ട് പണം ഉറപ്പാക്കി തുടങ്ങി. പാർട്ടികളാവട്ടെ പിരിക്കാവുന്നിടത്ത് നിന്ന് ഒക്കെയും പിരിക്കലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പുമെത്തിയാണ് പാർട്ടികളെ വെള്ളം കുടിപ്പിക്കുന്നത്. കൊവിഡിൽ സാമ്പത്തിക മേഖല പ്രതിസന്ധിയിലായപ്പോൾ ഇനിയൊരു പിരിവിന് കൂടി തയ്യാറാവുകയാണ് പാർട്ടികൾ. ഇത്രയും കാലത്തെ ചെലവിനുള്ള പണം എവിടുന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് നേതാക്കന്മാർ. പണം കണ്ടെത്തിയാലും തിരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടങ്ങൾ പാലിച്ച് ചെലവാക്കണമെങ്കിൽ പാടുപെടും. ആരൊക്കെ എന്തൊക്കെ പ്രചരണ സാമഗ്രികൾ ഇറക്കിയാലും ചെലവ് രേഖപ്പെടുത്തുക സ്ഥാനാർത്ഥിയുടെ അക്കൗണ്ടിലാകും. ഫണ്ട് സമാഹരണം ഒരുമാസം മുൻപേ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയെങ്കിലും ജയവും തോൽവിക്കുമൊപ്പം പണവും പ്രധാന ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

പരിധിയൊക്കെ കോമഡിയല്ലേ

തിരഞ്ഞെടുപ്പ് കമ്മിഷൻ ഓരോ മണ്ഡലത്തിനും ചെലവാക്കാനുള്ള തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും ഒതുങ്ങില്ലെന്ന് എല്ലാവർക്കും അറിയാം. ഒരു സ്ഥാനാർത്ഥിയ്ക്ക് പരമാവധി ചെലവഴിക്കാൻ പറ്റുന്ന തുക 30.8 ലക്ഷം രൂപയാണ്. അതിന്റെ പത്തിരട്ടിയെങ്കിലും ചെലവാകുമെന്ന് സ്ഥാനാർത്ഥികൾ പറയുന്നു.ചെലവാക്കുന്ന ഓരോ പൈസയ്ക്കും കണക്ക് കാട്ടിയില്ലെങ്കിൽ കമ്മിഷൻ ചെവിയ്ക്ക് പിടിക്കും. കണക്ക് തെറ്റിച്ചാൽ അയോഗ്യരാക്കും. ഇനി കള്ളക്കണക്ക് കൊടുത്താൽ ഓഡിറ്റിൽ പിടികൂടി ആജീവനാന്ത വിലക്കും വരും.

നിരീക്ഷകർ

ദിവസേനയുള്ള ചെലവ് പരിശോധിക്കാൻ നിരീക്ഷകരായി ഉദ്യോഗസ്ഥർ റോന്ത് ചുറ്റും. ഓരോ ബോർഡിന്റെയും വാഹനത്തിന്റെയും കണക്ക് എടുത്തുകൂട്ടും. കണക്ക് സമർപ്പിച്ചില്ലെങ്കിൽ ഭാവിയിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തണമെന്നാണ് ചട്ടം. ദിവസേനയുള്ള കണക്ക് സൂക്ഷിക്കാൻ ഓരോ സ്ഥാനാർത്ഥിയും ഫണ്ട് മാനേജർമാരെ ചുമതലപ്പെടുത്തും.

പാർട്ടി സഹായിക്കും

ബി.ജെ.പിക്കും കോൺഗ്രസിനും ഡൽഹിയിൽ നിന്ന് പണം കിട്ടും. ഒപ്പം സംസ്ഥാന, ജില്ലാ കമ്മിറ്റികളും കണ്ടെത്തും. സി.പി.എമ്മിന് എ.കെ.ജി സെന്ററിൽ നിന്ന് ഫണ്ട് നൽകും. മറ്റ് പാർട്ടികൾ സ്വന്തംനിലയിൽ പണം കണ്ടെത്തണം. ബി.ജെ.പിയുടെ ഫണ്ട് ആർ.എസ്.എസാണ് കൈകാര്യം ചെയ്യുന്നത്. മണ്ഡലത്തിലെ വിജയസാദ്ധ്യത അനുസരിച്ചാണ് ഫണ്ട് നൽകുന്നത്. എ ക്ളാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലാവും ബി.ജെ.പി ഏറ്റവും കൂടുതൽ പണം മുടക്കുക.