
ദൃശ്യം 2  വൻ ഹിറ്റായതോടെ അടുത്ത ഭാഗം ഉണ്ടാകുമോ എന്ന ചോദ്യമാണ്  ജീത്തു ജോസഫ് ഏറ്റവുമധികം കേൾക്കുന്നത്. എന്നാൽ, രണ്ടാം ഭാഗത്തിന്റെ കൈയടികൾ കെട്ടടങ്ങുന്നതിന് മുന്നേ തന്നെ ജീത്തു മൂന്നാം ഭാഗത്തെ കുറിച്ചും ചിന്തിച്ചു കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. പക്ഷേ, അവിടെയും ഒരു സർപ്രൈസ് അദ്ദേഹം ഒളിച്ചു വയ്ക്കുന്നുണ്ട്.
''മോഹൻലാലിനോടും ആന്റണി പെരുമ്പാവൂരിനോടും അടുത്ത കഥയെ കുറിച്ച് സംസാരിച്ചു. അവർക്കിഷ്ടമായി. എന്നാൽ ഉടനേ ഷൂട്ട് തുടങ്ങില്ല. കുറഞ്ഞത് രണ്ടു വർഷത്തെ കാത്തിരിപ്പ് വേണ്ടി വരും. ഇതിനേക്കാൾ മികച്ചതാണല്ലോ തരേണ്ടത്. അതിന് കുറേ വർക്ക് ചെയ്യേണ്ടിയിരിക്കുന്നു. ക്ഷമയോടെ കാത്തിരിക്കാം.""
'ദൃശ്യം 2" നെക്കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിലും ട്രോളുകളിലും സന്തോഷമുണ്ട്. പുലർച്ചെ ഒരു മണിക്ക് ആമസോണിൽ റിലീസ് ചെയ്തു. നേരം വെളുത്ത് എഴുന്നേറ്റപ്പോൾ 500 ലേറെ മെസേജുകൾ മൊബൈലിൽ വന്ന് കിടക്കുന്നു. സിനിമയെക്കുറിച്ച് ഏറ്റവും കൂടുതൽ ഉയരുന്ന വിമർശനം ക്രിമിനൽ സാദ്ധ്യതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ്. ആദ്യ ഭാഗത്തിനും ഇതേ ആരോപണം ഉണ്ടായിരുന്നു.
അസാധാരണക്കാരനായ
സാധാരണക്കാരൻ
'കുടുംബം എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. സിനിമയിൽ ജോർജ് കുട്ടിക്കുണ്ടായ പോലൊരു അനുഭവം എനിക്കുണ്ടായാൽ ഞാനും കൊല്ലും. എന്റെ വീട്ടിൽ ആരെങ്കിലും അക്രമം നടത്തിയാൽ അയാളെ കൊന്നുകളയണമെന്ന ചിന്ത സ്വാഭാവികമായും തോന്നും. കൊലപാതകം തെറ്റോ ശരിയോ എന്നല്ല. പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ എന്തു ചെയ്യണമെന്നാണ് അപ്പോൾ നോക്കുക. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കൊലപാതകമാണ് സിനിമയിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ആ കുടുംബത്തെ സംരക്ഷിക്കാൻ ജോർജുകുട്ടി അത്തരത്തിൽ ബുദ്ധിപരമായി ഇടപെടുന്നതിനെ ഞാൻ കുറ്റം പറയില്ല. അയാൾ ചെയ്യുന്നത് തെറ്റാണെന്ന് നമുക്ക് തോന്നാം. പക്ഷേ പ്രത്യേക സാഹചര്യത്തിൽ ചെയ്ത തെറ്റ് ജോർജ് കുട്ടിക്ക് ശരിയാണ്. അസാധാരണത്വമുള്ള സാധാരണക്കാരനാണയാൾ. നമുക്കോരുത്തർക്കും ശരിയാണെന്നേ എനിക്ക് അഭിപ്രായമുള്ളൂ.  ദൃശ്യം സിനിമ കണ്ട ജസ്റ്റിസ് കെ.ടി തോമസ് ഉപദേശിച്ചത് വിമർശനവും കുറ്റപ്പെടുത്തലും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു.
'ദൃശ്യ"ത്തിലെ മാതൃക സമൂഹം സ്വീകരിക്കണമെന്ന അഭിപ്രായമില്ല. ഇത് സിനിമയാണ്. അത് ജീവിതത്തിൽ അനുകരിക്കുന്നത് മണ്ടത്തരമാണ്. മണ്ടന്മാരേ സിനിമയിലെ സംഭവങ്ങൾ അനുകരിക്കൂ. കോടതി, പൊലീസ് സ്റ്റേഷൻ സീനുകളിൽ അവിശ്വസനീയത തോന്നാം. ഇത് സിനിമയാണെന്ന തോന്നലോടെ കണ്ടാൽ മതി.

പുതുമുഖങ്ങൾക്ക്  പ്രാധാന്യം
സിനിമയിൽ  പുതുമുഖങ്ങൾക്ക് അവസരം നൽകിയത് ബോധപൂർവമാണ്. മിമിക്രിയിൽ ഉൾപ്പെടെ നിരവധി കഴിവുള്ള കലാകാരൻമാർ മലയാളത്തിലുണ്ട്. ഇവരെ പലരും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താറില്ല. പുതുമുഖങ്ങൾക്ക് അവസരം  നൽകണമെന്ന നിലപാടാണ് ഉള്ളതെങ്കിലും  പുതുമുഖങ്ങളെ മാത്രം വച്ച്  ഒരു സിനിമ ഉണ്ടാക്കാനുള്ള ധൈര്യമില്ല. ദൃശ്യത്തിലെ സഹദേവൻ എന്ന പൊലീസുകാരൻ രണ്ടാം ഭാഗത്തിലില്ല. ഒഴിവാക്കിയതാണ്. ജോർജ് കുട്ടിക്ക് പൊലീസ് സംവിധാനത്തോടാണ് എതിർപ്പ്. അല്ലാതെ ഒരു പൊലീസുകാരനോടല്ല. അതാണ് ആ കഥാപാത്രത്തെ ഒഴിവാക്കിയത്. മുരളീ ഗോപിയുടെ ഐ.ജി വേഷം മികച്ചതെന്ന് എല്ലാവരും പറയുന്നു. നല്ല അഭിനേതാവായ മുരളിക്ക് മികച്ച കഥാപാത്രം നൽകിയതിൽ സന്തോഷമുണ്ട്. ഒ.ടി.ടി പ്ലാറ്റ് ഫോം നല്ലതാണ്. ഒരേ സമയം കൂടുതൽ ആളുകളിലേക്ക് പെട്ടെന്ന് സിനിമ എത്തിക്കാൻ കഴിയും. കൊവിഡ് കാലത്ത് സിനിമ വെറുതേ പെട്ടിയിൽ വയ്ക്കാതെ, വീട്ടിൽ ഇരുന്നും സിനിമ കാണാമെന്ന തരത്തിലേക്ക് റിലീസ് നടത്തി. ഇനി തീയറ്ററിൽ കാണിക്കണമെന്നുണ്ട്. അതിന്റെ ചർച്ച നടക്കുകയാണ്. അടുത്ത സിനിമ ന്യൂജനറേഷൻ രീതിയിൽ സംവിധാനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നും ക്രൈം ത്രില്ലറിലേക്ക് പോകാൻ താത്പര്യമില്ല. ഇതിനായി ബോധപൂർവം നേരത്തെയും ശ്രമം നടത്തിയിട്ടുണ്ട്. മൈ ബോസ്, മമ്മി & മി തുടങ്ങിയ വ്യത്യസ്ത സിനിമകൾ എടുത്തത് ഇതിന്റെ ഭാഗമാണ്.