
ചങ്ങനാശേരി: നഗരസഭ പാർക്കിനെ പുനർജീവിപ്പിക്കുന്നതിനായി സമർപ്പിച്ച വാർഡ് കൗൺസിലറുടെ രൂപരേഖയ്ക്ക് അവഗണനയെന്ന് ആക്ഷേപം. നഗരസഭ ഭരണസമിതിയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ മുൻസിപ്പൽ പാർക്ക് നവീകരണം നടപ്പാക്കിയതിനെതിരെ പ്രതിഷേധവുമായി മൂന്നാം വാർഡ് കൗൺസിലർ പ്രിയ രാജേഷ്. ചങ്ങനാശേരി നഗരസഭാ പാർക്ക് നവീകരിക്കുകയും നടത്തിപ്പ് സംബന്ധിച്ച് വാർഡ് സഭയും കുടുംബശ്രീ യൂണിറ്റുകളുടെ സംയുക്ത യോഗവും അംഗീകരിച്ച രൂപരേഖ നഗരസഭ ചെയർപേഴ്‌സൺ സന്ധ്യ മനോജിനൊപ്പം വൈസ് ചെയർമാൻ ബെന്നി ജോസഫിനും സമർപ്പിച്ചിരുന്നു. മാറി മാറി വരുന്ന കരാറുകാർ ലേലത്തുക അടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ മുൻസിപ്പൽ പാർക്കിന്റെ പ്രവർത്തനം നിലച്ചുപോകുകയും നിർത്തുകയുമാണ് പതിവ്.
നടത്തിപ്പും പരിപാലനവും കുറ്റമറ്റമാക്കുന്നതിന് സമിതിയുടെ മേൽനോട്ടവും അനിവാര്യമാണ് . ഇതിനായി കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജനമൈത്രി പൊലീസ്, സന്നദ്ധ സംഘടനാ പ്രവർത്തകർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അങ്കണവാടി ,ആശാവർക്കർമാർ, വനിതാ സംഘടന പ്രവർത്തകർ അടങ്ങുന്ന ഒരു സമിതി രൂപീകരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് വാർഡ് കൗൺസിലർ പ്രിയ രാജേഷ് സമർപ്പിച്ചത്.
രൂപരേഖയിലെ നിർദ്ദേശങ്ങൾ
നഗരഹൃദയത്തിൽ എം.സി റോഡിന് അഭിമുഖമായി ചങ്ങനാശേരി നഗരസഭയ്ക്ക് വരുമാനമുണ്ടാക്കാൻ കഴിയുന്ന മുൻസിപ്പൽ പാർക്ക് ദീർഘകാല വ്യവസ്ഥ അടിസ്ഥാനത്തിൽ കുടുംബശ്രീ പോലെയുള്ള സംഘടനകളെ ഏൽപ്പിക്കണം. കുട്ടികളുടെ റൈഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിലൂടെ വരുമാന വർദ്ധന ഉണ്ടാകുന്നതും സ്‌കൂളുകളെ ആകർഷിക്കാൻ കഴിയുന്നതുമാണ്. വെഡിംഗ് ഫോട്ടോ ഷൂട്ട്, ക്യാമ്പുകൾ പ്രത്യേക ഫെസ്റ്റുകൾ എന്നിവ സംഘടിപ്പിക്കാൻ കഴിയും. പാർക്കിലെ ഓപ്പൺ സ്റ്റേജിൽ പാസ് വെച്ചുള്ള സംഗീതനിശകളും മറ്റും വരുമാന വർദ്ധനയ്ക്ക് വഴിയൊരുക്കും. പരിസരവും വൃത്തിയോടെ സംരക്ഷിക്കാൻ സാധിക്കും. ടൂറിസം കിയോസ്‌ക്, ജ്യൂസ് പാർലർ, മേളകൾ, ഫെസ്റ്റിവലുകൾ, ഫുഡ് ഫെസ്റ്റുകൾ എന്നിവയും നടത്തുക വഴി നഗരസഭയ്ക്ക് നിശ്ചിത വരുമാനം ലഭ്യമാക്കാൻ സാധിക്കും.
കുടുംബശ്രീക്ക് മുൻഗണന
ഫുഡ് കോർട്ട്, ചായ, സ്‌നാക്‌സ്, ഐസ്‌ക്രീം കുട്ടികൾക്കാവശ്യമായ മറ്റ് സ്‌നാക്‌സുകൾ എന്നിവയുടെ വിൽപ്പന കൂടി കുടുംബശ്രീ യൂണിറ്രിലൂടെ ചെയ്യാൻ സാധിക്കും. പാർക്കിന് വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് കുടുംബശ്രീയ്ക്കും നഗരസഭയ്ക്കും നേട്ടമുണ്ടാകുകയും സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുവാനും സാധിക്കും. കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനത്തിനുള്ള വരുമാനം ലഭിക്കുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.