കാട്ടാനശല്യം: വനാതിർത്തിയിലെ കുടുംബങ്ങൾ ഭീതിയിൽ

മുണ്ടക്കയം: സമാധാനമായി എങ്ങനെ കിടന്നുറങ്ങും. പുലർകാലത്ത് ഞങ്ങളെ തേടിയെത്തുന്ന കാഴ്ച നെഞ്ചുപിടയുന്നതാണ്. കൃഷിയിടത്തിൽ വിളകൾ ഒന്നുപോലും ബാക്കിവെച്ചേക്കില്ല!.മലയോരമേഖലയിൽ വനാതിർത്തിയിൽ താമസിക്കുന്നവർ പരാതിയുടെ കെട്ടഴിക്കുകയാണ്. കാട്ടാനകൂട്ടം ഇവരുടെ സ്വപ്നങ്ങൾ ചവിട്ടിമെതിക്കുകയാണ്. കൃഷിയിടങ്ങൾ നാമാവിശേഷമാക്കുകയാണ്. കിഴക്കൻ മലയോരമേഖലയിലെ വനാതിർത്തിയിൽ സമീപകാലത്ത് കാട്ടാനശല്യം അതിരൂക്ഷമാണ്. ശബരിമല വനത്തിൽ നിന്നും ഉൾപ്പെടെ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്ന അവസ്ഥയുമുണ്ട്. മുണ്ടക്കയം,എരുമേലി, കോരുത്തോട് ഗ്രാമപഞ്ചായത്തുകളുടെ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒന്നര വർഷമായി കാട്ടാനകൾ നാശേ വിതയ്ക്കുന്നത്. പമ്പാവാലി, ഏയ്ഞ്ചൽവാലി, കാളകെട്ടി, പുഞ്ചവയൽ, 504 കോളനി , പുലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ വർഷം അൻപതോളം ഏക്കറിലെ കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. നാട്ടിലേയ്ക്ക് കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന കാര്യത്തിൽ ഇനിയും നടപടിയുണ്ടായിട്ടില്ല.

250

2002ലെ കണക്കെടുപ്പിൽ ശബരിമല വനത്തിൽ ഉൾപ്പെടെ പെരിയാർ ടൈഗർ റിസർവിൽ 250ൽ അധികം കാട്ടാനകളുള്ളതായാണ് നിഗമനം. ആനത്താരകൾ തെളിച്ചതാണ് കാട്ടാനശല്യം രൂക്ഷമാകാൻ പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. വനത്തിനുള്ളിൽ കാരിത്തോട് മേഖലയിൽ 500 ഏക്കറോളം തെളിച്ച് വനംവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ തൈകൾ നട്ടിരുന്നു. ഇതിന് ചുറ്റും സോളാർ വേലികളും തീർത്തു. ഇതോടെ കാട്ടാനകൾ നാട്ടിലേയ്ക്ക് ഇറങ്ങുന്നത് പതിവായി.