memu

കോട്ടയം: സംസ്ഥാനത്ത് റിസർവേഷനില്ലാത്ത യാത്രയ്ക്ക് അവസരമൊരുക്കി മെമു സർവ്വീസുകൾ ആരംഭിക്കുന്നതിൽ നിന്ന് കോട്ടയം പാതയെ ഒഴിവാക്കി. ഇതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ ദിവസമാണ് മാർച്ച് 15 മുതൽ സംസ്ഥാനത്ത് 8 മെമു സർവ്വീസുകൾക്ക് റെയിൽവേ ബോർഡ് അനുമതി നൽകിയത്. കൊല്ലം- എറണാകുളം പാതയിൽ മെമു ഓടിക്കുന്നുണ്ടെങ്കിലും എല്ലാം ആലപ്പുഴ വഴിയാണ് കടന്നു പോകുന്നത്. യാത്രക്കാർ ഏറെയുള്ള സ്റ്റേഷനുകൾ കോട്ടയം വഴിയുള്ള പാതയിൽ ഉണ്ടെങ്കിലും മെമു പുനരാരംഭിക്കുമ്പോൾ റെയിൽവേ ബോർഡ് ഇതു പരിഗണിക്കുന്നില്ല.

കോട്ടയം പാത വഴിയുള്ള യാത്രക്കാരിൽ ഭൂരിഭാഗം പേരും ഇപ്പോൾ എക്സ്‌പ്രസ് ട്രെയിനുകളിൽ ടിക്കറ്റ് റിസർവ്വ് ചെയ്താണ് യാത്ര ചെയ്യുന്നത്. ദക്ഷിണ റെയിൽവെയുടെ പരിധിയിൽ വരുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യങ്ങളിൽ ട്രെയിൻ ആരംഭിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുമോയെന്നും ആശങ്കയുണ്ട്. അങ്ങനെ വന്നാൽ മേയിൽ മാത്രമേ പുതിയ സർവ്വീസുകൾ ആരംഭിക്കാൻ സാദ്ധ്യതയുള്ളൂ. ആദ്യഘട്ടമായി അനുവദിച്ച എട്ട് സർവ്വീസുകൾ 15 മുതൽ ഓടിത്തുടങ്ങും. അടുത്ത ഘട്ടം അനുവദിക്കുന്ന കാര്യത്തിലാണ് ആശങ്ക. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ സർവ്വീസ് പുനരാരംഭിക്കുന്നതിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാകില്ലെന്നാണ് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. കോട്ടയം പാത വഴി എത്രയും വേഗം സർവ്വീസ് പുനരാരംഭിക്കണമന്ന് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ.പോൾ മാൻവെട്ടം ആവശ്യപ്പെട്ടു.