udf

കോട്ടയം : 12 സീറ്റുകൾ വേണമെന്ന നിലപാടിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒമ്പതു സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന് കോൺഗ്രസും കടുംപിടുത്തം തുടരുന്നതിനിടയിൽ യു.ഡി.എഫ് സീറ്റ് ചർച്ച വഴിമുട്ടി. ചെയർമാൻ പി.ജെ.ജോസഫിന് കൊവിഡ് ബാധിച്ചതോടെ ജനറൽ സെക്രട്ടറിമാരായ ജോയ് എബ്രഹാം, മോൻസ് ജോസഫ് എം.എൽ.എ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കോട്ടയത്ത് നാല് സീറ്റ് എന്ന നിലപാടിലും അവർ ഉറച്ചു നില്‍ക്കുകയാണ്. മൂന്നു നൽകാമെന്നു പറഞ്ഞിട്ടും സമവായമായില്ല .

 പ്രശ്നം ഏറ്റുമാനൂരും ചങ്ങനാശേരിയും

ഇരിക്കൂർ വിട്ട് കോട്ടയത്ത് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച കെ.സി ജോസഫിനായി ചങ്ങനാശേരി വിട്ടുകൊടുക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പാലാ വിട്ടു കൊടുത്തതിനാൽ ചങ്ങനാശേരി കൂടി നൽകാനാവില്ലെന്ന കടുംപിടിത്തത്തിലാണ് ജോസഫ് . കോൺഗ്രസ് ഇതു സമ്മതിക്കുന്നില്ല. ചങ്ങനാശേരി എടുത്താൽ പകരം ഏറ്റുമാനൂർ വേണമെന്ന ആവശ്യത്തോടും മുഖം തിരിച്ച ജോസഫ് വിഭാഗം, കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാമെന്നാണ് പറയുന്നത്. തീരുമാനം നീളുന്നതിൽ കോൺഗ്രസ് നേതാക്കളും യു.ഡി.എഫ് നേതൃത്വവും അസ്വസ്ഥരാണ്. ബുധനാഴ്ച അന്തിമ സീറ്റ് പട്ടിക പ്രഖ്യാപിക്കാനാണ് യു.ഡി.എഫ് തീരുമാനം.

 കാപ്പന്റെ കാര്യവും നാളെ അറിയാം

എൻ.സി.പി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് യു.ഡി.എഫ് ഘടകകക്ഷിയാകാൻ ശ്രമിക്കുന്ന മാണി സി. കാപ്പൻ പാലായ്ക്കു പുറമേ രണ്ട് സീറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. പാലായ്ക്ക് പുറമെ മറ്റൊരു സീറ്റ് എന്നത് ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗ ശേഷം അറിയാം. നിലവിൽ പാലാ മാത്രമാണ് കാപ്പന്റെ അക്കൗണ്ടിൽ പെടുത്തിയിട്ടുള്ളത്. ബുധനാഴ്ച അന്തിമ തീരുമാനമായാൽ വ്യാഴാഴ്ച ഹൈക്കമാൻഡ് അംഗീകാരത്തോടെ ലിസ്റ്റ് പ്രഖ്യാപിക്കാനാണ് ശ്രമം.

 ഉമ്മൻചാണ്ടിക്കെതിരെയും അമർഷം

കെ.സി ജോസഫിനെ ഉമ്മൻചാണ്ടി അടക്കം സീനിയർ നേതാക്കൾ പിന്തുണയ്ക്കുന്നതിൽ യൂത്ത് കോൺഗ്രസ് അണികൾ അസ്വസ്ഥരാണ് . പരസ്യപ്രതികരണത്തിന് മുതിരുന്നില്ലെന്നു മാത്രം. യൂത്തുകോൺഗ്രസും കെ.എസ്.യുവും മഹിളാ കോൺഗ്രസും സ്ഥാനാർത്ഥി ലിസ്റ്റുമായി ഹൈക്കമാൻഡിനെ സമീപിക്കാൻ ശ്രമിക്കുന്നതിനിടയിൽ സീനിയർ നേതാക്കൾ അവസരം തട്ടിത്തെറിപ്പിക്കുകയാണെന്നാണ് പരാതി.

ഒമ്പതു സീറ്റിൽ പാലാ സീറ്റ് കാപ്പൻ കൊണ്ടു പോയി. കോട്ടയം, പുതുപ്പള്ളി സീറ്റുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ , ഉമ്മൻചാണ്ടി എന്നിവർക്കായി ബുക്ക് ചെയ്തവയാണ്. വൈക്കം സംവരണവുമാണ്. മൂന്നു സീറ്റ് ജോസഫിന് നൽകിയാൽ പിന്നെ രണ്ട് സീറ്റുകളാണ് കോൺഗ്രസിന് ലഭിക്കുക. അരഡസനിലേറേ സീനിയർ സ്ഥാനാർത്ഥികളാണ് രണ്ട് സീറ്റിനായി ഇടിക്കുന്നത്. പിന്നെ തങ്ങളെ എങ്ങനെ പരിഗണിക്കുമെന്നാണ് യൂത്തുകാരുടെ ചോദ്യം.