
കോട്ടയം: തങ്ങളെ കൊള്ളയടിച്ച് അമിത ലാഭം കൊയ്യാനുള്ള മില്ലുടമകളുടെ നീക്കത്തിനെതിരെ കർഷകരുടെ ഉപരോധം. 20 കിലോ വരെ താര കുറച്ച് നെല്ല് സംഭരിക്കാനുള്ള മില്ലുടമകളുടെ നീക്കമാണ് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. നെല്ല് സംഭരിക്കുന്നതിൽ ഏകീകൃത സ്വഭാവം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു. കർഷകരുമായി ഇന്നു ചർച്ച നടത്താമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
കൊയ്ത്ത് കഴിഞ്ഞ് നെല്ല് കൂട്ടിയിരിക്കുന്ന ആർപ്പൂക്കര, മറ്റം പായിവട്ടം, നീണ്ടൂർ കൈപ്പുഴക്കരി, മാത്തോത്തറ, കല്ലറയിലെ വിവിധ പാടശേഖരങ്ങൾ എന്നിവിടങ്ങളിലെ കർഷകരാണ് അപ്പർകുട്ടനാട് കാർഷിക വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
പല പാടശേഖരങ്ങളിലും പത്തു മുതൽ ഇരുപത് കിലോ വരെയാണ് കർഷകരിൽ നിന്ന് താര എന്ന പേരിൽ തൂക്കത്തിൽ കിഴിക്കുന്നത്. നേരത്തെ മൂന്നു കിലോ വരെ മാത്രമാണ് കിഴിവുണ്ടായിരുന്നത്. അപ്പർകുട്ടനാട് കാർഷിക വികസന സമിതി സെക്രട്ടറി എം.കെ ദിലീപ് ഉപരോധം ഉദ്ഘാടനം ചെയ്‌തു. രക്ഷാധികാരി മോഹൻ സി. ചതുരച്ചിറ, ജി.ഗോപകുമാർ, സി.എസ് രാജു, ശിവദാസ് , മുരളി തിരുവാർപ്പ്, എബി ഐപ്പ് എന്നിവർ പ്രസംഗിച്ചു.
മണ്ണെണ്ണയൊഴിച്ച് കർഷകന്റെ ആത്മഹത്യാ ശ്രമം
നെല്ല് സംഭരണം കാര്യക്ഷമമാകാത്തതിൽ പ്രതിഷേധിച്ച് കല്ലറ മാത്തോത്തറ പാടശേഖരത്ത് കർഷകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ദിവസങ്ങളായി കൊയ്‌ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് ഇതുവരെയും സംഭരിച്ചിട്ടില്ല. ഇതിൽ മനംനൊന്ത് കല്ലറ മാത്തോത്തറ തോമാച്ചനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പാടശേഖരത്ത് വച്ച് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഇയാളെ മറ്റുള്ളവർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.