surendran

കോട്ടയം: ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും. തിരുനക്കരയിലാണ് ഇന്നത്തെ സമാപന സമ്മേളനം.
ഇടുക്കിയില്‍ നിന്ന് എത്തുന്ന യാത്രയെ ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യുവിന്റെ നേതൃത്വത്തിൽ രാവിലെ 10ന് കുറവിലങ്ങാട്ട് സ്വീകരിക്കും. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സമ്മേളന നഗരിയായ കടുത്തുരുത്തിയിലെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് പാല, വൈകിട്ട് മൂന്നിന് പൊന്‍കുന്നം, 4.30ന് മണര്‍കാട്, 5.30ന് ചങ്ങനാശ്ശേരി തുടങ്ങിയിടങ്ങളിലെ സ്വീകരണത്തിനുശേഷം ആറുമണിക്ക് മഹാസമ്മേളനവേദിയായ തിരുനക്കര മൈതാനത്തെത്തും. സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.
വിവിധ സമ്മേളനങ്ങളില്‍ സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്‌ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്‌ണദാസ്, സി.കെ.പത്മനാഭന്‍, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവര്‍ സംസാരിക്കും. വിവിധ സമുദായിക സംഘടനാ നേതാക്കള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍ എന്നിവരുമായി കെ. സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.