
ചങ്ങനാശേരി: പാതയോരങ്ങളിലും നാടൻ ചീര വിൽപ്പന സജീവമായി. ചീരയുടെ സീസണാണിത്. പാടശേഖരങ്ങളിൽ നെൽകൃഷി കഴിഞ്ഞതോടെ പയർ, വെണ്ട, വഴുതന, തക്കാളി, വെള്ളരി, പാവൽ, പടവലം, കോവൽ തുടങ്ങിയവയും വ്യാപകമായി കൃഷി ചെയ്തിട്ടുണ്ട്. ഇടവിളകൃഷികളിൽ ഏറ്റവും വേഗത്തിൽ പാകമാകുന്നത് ചീരയാണ്. വലിയ മുടക്ക് മുതൽ വേണ്ടാത്തതിനാൽ ഒട്ടേറെ പേർ കൃഷി ചെയ്തിട്ടുണ്ട്.
ഉത്പാദനം കൂടിയതോടെ പാതയോരങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് കർഷകർ തന്നെ നേരിട്ട് വിൽപ്പന നടത്തുന്നുണ്ട്. ചെറിയ കെട്ടിന് 30 രൂപയും വലിയ കെട്ടിന് 50രൂപയുമാണ് വില ഈടാക്കുന്നത്. തൃക്കൊടിത്താനം കുന്നുംപുറത്ത് വ്യാപകമായി ചീര കൃഷി ചെയ്തിട്ടുണ്ട്. ഇവിടെ നിന്നുള്ള ചീര ജില്ലയുടെ പലഭാഗങ്ങളിലും എത്തിക്കുന്നുണ്ട്.
'കൊവിഡ് കാലമായതിനാൽ വരുമാനത്തിൽ കുറവ് വന്നതോടെ മറ്റ് ജോലികൾ ചെയ്തിരുന്ന യുവാക്കളിൽ പലരും കച്ചവടമേഖലയിലേയ്ക്ക് മാറി. ഞാൻ ലോറി ഡ്രൈവറായിരുന്നു, വർക്ക് കുറവായതിനാൽ കൂട്ടുകാർക്കൊപ്പം വാഹനത്തിൽ ചീര വിൽപനയ്ക്ക് ഇറങ്ങുകയായിരുന്നു. വിപണി മോശമില്ല.
- വിഷ്ണു, കച്ചവടക്കാരൻ
ചീരയുടെ ഔഷധഗുണങ്ങൾ
വൈറ്റമിൻ എ, സി, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. വിളർച്ച നിയന്ത്രിക്കാം.
കണ്ണിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നു. ചർമ സൗന്ദര്യം നിലനിർത്താനും നല്ലതാണ്.
ശരീരത്തിൽ രക്തം കൂടുതലായുണ്ടാവാനും ശുദ്ധീകരണത്തിനും സഹായിക്കും.
ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ സോറിയാസിസിന് നല്ല ഫലം ലഭിക്കും.
ചീരയില പിഴിഞ്ഞെടുത്ത രസം 3 ഔൺസ് ആട്ടിൻസൂപ്പിൽ ചേർത്ത് കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും.
ചീരയില മുതിരകൂട്ടി കഷായം വച്ച് ചെറുനാരങ്ങാനീരും ചേർത്ത് കഴിച്ചാൽ മൂത്രക്കല്ല് മാറും.
ചീരയില ഇടിച്ചുപിഴിഞ്ഞ നീരും ഇളനീർ വെള്ളവും ചേർത്ത് കഴിച്ചാൽ മൂത്രനാളി വീക്കം മാറും.
വേര് കഷായം വച്ച് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിനും ഹൈപ്പറ്റാറ്റിസ് ബി യ്ക്കും ഫലപ്രദം.
സമൂലമെടുത്ത് ബ്രഹ്മിയും മുത്തിളും ചേർത്ത് കഷായം വെച്ച് കഴിച്ചാൽ ഓർമ്മക്കുറവ് മാറും.