aks

കോട്ടയം നഗരമദ്ധ്യത്തിൽ ശീമാട്ടി റൗണ്ടാനയ്ക്ക് മുകളിൽ അന്തരീക്ഷത്തിൽ സർക്കസ് കൂടാരത്തിലെ മരണക്കിണറിന്റെ പാതിരൂപത്തിൽ അഞ്ചു വർഷമായി ഉയർന്നു നിൽക്കുന്ന ആകാശപാത പൊളിച്ചു കളയണമെന്ന് ഇടതു മുന്നണിയും ബി.ജെ.പിയും ഒന്നിച്ചാവശ്യപ്പെടുമ്പോൾ "സൗകര്യമില്ലെന്നാണ് " യു.ഡി.എഫ് ആവർത്തിച്ചു പറയുന്നത്. ആകാശപാത യാഥാർത്ഥ്യമായില്ലെങ്കിലും അതിന്റെ ചുവട്ടിൽ നടക്കുന്ന സമര കോലാഹലങ്ങൾ കണ്ട് നാട്ടുകാർ മടുത്തു.

ആറുമാസം കൊണ്ട് തീർക്കാൻ ഉദ്ദേശിച്ച ആകാശപാതയ്‌ക്ക് കല്ലിട്ടത് 2016 ഫെബ്രുവരിയിൽ ആയിരുന്നു. കാൽനടയാത്രക്കാർ വണ്ടിയിടിച്ച് ചാകാതെ റോഡ് കുറുകേ കടക്കുന്നതിന് വേണ്ടിയായിരുന്നു ഇത് രൂപകല്‌പന ചെയ്തത്. ആറ് മീറ്റർ ഉയരത്തിലുള്ള തൂണുകളിൽ 45 മീറ്റർ വിസ്തീർണത്തിലാണ് ആകാശപാത. കയറാനും ഇറങ്ങാനും ലിഫ്ട്. പടികൾ, മുകളിൽ വിശ്രമിക്കാൻ സൗകര്യം ,ഗാന്ധി സ്മൃതി മണ്ഡപം ,ചുവർ ചിത്രം തുടങ്ങി വൻ പദ്ധതികളായിരുന്നു ലക്ഷ്യമിട്ടത്. ആദ്യ ഘട്ടമായി 14 ഉരുക്കു തൂണുകൾ സ്ഥാപിച്ചു. ഇതിനു മുകളിൽ ഇനി ഇരുമ്പു പ്ലാറ്റ് ഫോം സ്ഥാപിക്കണം . പക്ഷേ അഞ്ചുവർഷം കൊണ്ട് പൂർത്തിയായത് ഉരുക്കു തൂണുകൾ മാത്രമാണ്. ബാക്കി പണി എന്തുകൊണ്ട് പൂർത്തിയാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ചോദ്യം.

സർക്കാർ പണം അനുവദിക്കാത്തതാണ് ആകാശപാത അഞ്ചുവർഷമായി അന്തരീക്ഷത്തിൽ നിൽക്കാൻ കാരണമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആരോപണം. താൻ കൊണ്ടുവന്ന വികസന പദ്ധതികളിൽ രാഷ്ടീയം കലർത്തി ഒന്നൊന്നായി അട്ടിമറിക്കുന്നതിന്റെ ഒരുദാഹരണം മാത്രമാണ് ആകാശപാത എന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം . ഇത് തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കി മുൻ എം.എൽഎയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ വി.എൻ.വാസവനെതിരെ ആരോപണത്തിന്റെ കുന്തമുന തിരിക്കുമ്പോൾ ആകാശ പാതയ്‌ക്ക് തൊട്ടുചേർന്ന ശാസ്ത്രി റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് ഇടതുമുന്നണി പത്തുകോടി രൂപ അനുവദിച്ചു. ശാസ്‌ത്രി റോഡിന്റെ കാര്യത്തിൽ വികസന അട്ടിമറി ആരോപണമില്ലേ എന്നാണ് തിരുവഞ്ചൂരിനോട് വാസവന്റെ മറുചോദ്യം?

അഞ്ചേകാൽ കോടി രൂപയായിരുന്നു അഞ്ചുവർഷം മുൻപത്തെ കരാർ. ഇതുവരെ കൊടുത്തത് നാലിലൊന്നു മാത്രം.അതോടെ കരാറുകാരൻ ഉഴപ്പി. സർക്കാരിന്റെ കൈവശം മൂന്നേകാൽ കോടി രൂപയോളം നീക്കിയിരിപ്പുണ്ടായിട്ടും എന്തുകൊണ്ട് കരാറുകാരന് ബാക്കി പണം കൊടുക്കുന്നില്ല ? ഇത്രയും തുക നീക്കി യിരിപ്പുണ്ടായിട്ടും എന്തുകൊണ്ട് പദ്ധതി പൂർത്തികരിച്ചില്ല തുടങ്ങിയ ചോദ്യങ്ങൾ ഉയരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ആയതോടെ കോട്ടയത്ത് പൂർത്തിയാകാത്ത പദ്ധതികളിൽ ത്രിശങ്കുവിലായ ആകാശപാതയും ഉയർത്തി സർക്കാർ പണം അനുവദിക്കാതെ വികസനം അട്ടിമറിച്ചെന്ന പ്രചാരണവുമായി തിരുവഞ്ചൂർ കളത്തിലിറങ്ങിക്കഴിഞ്ഞു.

എൽ.ഡി.എഫും യു.ഡി.എഫും ആരോപണം പ്രത്യാരോപണം ഉന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി .പണി മാത്രം പുനരാരംഭിക്കുന്നില്ലെന്നു മാത്രം. തൂണും കമ്പികളുമെല്ലാം തുരുമ്പിച്ച് ആരുടയെങ്കിലും തലയിൽ വീണ് ഒരു ദുരന്ത മുണ്ടായാലേ പണി തുടങ്ങുകയുള്ളോ എന്നാണ് സമരകോലാഹലങ്ങൾക്ക് സ്ഥിരം സാക്ഷിയാവുന്ന നാട്ടുകാർക്ക് ബന്ധപ്പെട്ടവരോട് ചോദിക്കാനുള്ളത്.

ഒന്നുകിൽ ഇതു പൊളിച്ചു കളയുക, അല്ലെങ്കിൽ പണി പൂർത്തിയാക്കുക. ഇതു രണ്ടുമല്ലാതുള്ള ഈ ചക്കളത്തി പോരാട്ടം ആർക്കു വേണ്ടി ? എന്തിനു വേണ്ടിയെന്നാണ് ആകാശപാതയുടെ കമ്പിക്കാലിൽ ഊഞ്ഞാലാട്ടം മുതൽ പച്ചക്കറി കൃഷി വരെയും ,നാറാണത്തു ഭ്രാന്തൻ ബോർഡുമെല്ലാം കണ്ടുമടുത്ത നിഷ്പക്ഷമതികളായ കഴുതകൾക്ക് കോവർ കഴുതകളോട് ചോദിക്കാനുള്ളത് ...!