കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സർവീസ് നടത്തിയ ടാക്‌സി വാഹനങ്ങൾക്ക് പണം നൽകാതെ സർക്കാർ. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ഇലക്ഷൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നും പണം അനുവദിച്ചില്ലെന്നാണ് പരാതി. പണം നൽകാൻ തയാറായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് വാഹനങ്ങൾ വിട്ടുനൽകേണ്ടെന്നാണ് ഇവരുടെ തീരുമാനം.

തദ്ദേശ തിരഞ്ഞെടുപ്പായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി 170 വാഹനങ്ങളാണ് ജില്ലയിൽ സർവീസ് നടത്തിയത്. വാഹനങ്ങൾ ഓരോന്നിനും 7000 മുതൽ 10000 രൂപ വരെയാണ് നൽകാനുള്ളത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസുമാണ് വാഹനങ്ങൾ വിളിച്ചു നൽകിയത്. മുൻ കാലങ്ങളിലും ഇത്തരത്തിൽ പണം ലഭിക്കാതെ വന്നതിനാൽ പല സ്വകാര്യ- ടാക്‌സി വാഹനങ്ങളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് വിട്ടുനൽകാൻ തയാറാകാറില്ല. എന്നാൽ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് ഉടമകളെ ഭീഷണിപ്പെടുത്തി വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഇത്തരത്തിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്കാണ് മാസങ്ങൾ കഴിഞ്ഞിട്ടും തുക നൽകാത്തത്.

ഇപ്പോഴും പഴയ നിരക്ക്

ഇന്ധനവില കുതിക്കുമ്പോഴും 2012 ലെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും തിരഞ്ഞെടുപ്പിന് ഓടുന്ന വാഹനങ്ങൾക്ക് തുക അനുവദിക്കുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും വില വർദ്ധനവിന് ആനുപാതികമായി ഇപ്പോഴും തുക അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. മോട്ടോർ ക്യാബിന് അഞ്ചു കിലോമീറ്ററിന് 175 രൂപയും, അധികമായി വരുന്ന കിലോമീറ്ററിന് 15 രൂപയുമാണ് ഈടാക്കുന്നത്. കോൺട്രാക്‌ട് ക്യാരിയേജിന് 200 രൂപയും, കിലോമീറ്ററിന് 17 രൂപയുമാണ് നൽകുന്നത്. ഇതുപോലും കൃ‌ത്യമായി അനുവദിക്കുന്നില്ലെന്നാണ് പരാതി.

ആവശ്യങ്ങൾ ഇങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പിന് വാഹനങ്ങൾ വിട്ടുനൽകണമെങ്കിൽ തങ്ങളുടെ നിർദേശങ്ങൾ അംഗീകരിക്കണമെന്ന് ഡ്രൈവർമാർ പറയുന്നു. ഡീസലിനുള്ള തുക അഡ്വാൻസായി നൽകുക, ഡ്രൈവർമാർക്ക് ചിലവിന് പണം നൽകുക, വാഹനത്തിന്റെ ഓടിക്കഴിഞ്ഞുള്ള പണം പരമാവധി ഒരാഴ്‌ചയ്‌ക്കുള്ളിൽ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.

പണം എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്‌ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ സർക്കാരിന്റെ ഇടപെടലുണ്ടാവണം

പി.എ മനോജ്

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ
സംസ്ഥാന വൈസ് പ്രസിഡൻ്റ്