കോട്ടയം: റബർ തോട്ടത്തിൽ പുല്ല് തിന്നാൽ കയറിയ പോത്തിനെ കെട്ടിത്തൂക്കി കൊന്നതായി പരാതി.
മാലം മൂലേക്കുളത്തിൽ രാജുവിന്റെ പോത്തിനെയാണ് അരീപ്പറമ്പ് തുരുത്തേൽ ഭാഗത്തെ റബർതോട്ടത്തിൽ തിങ്കളാഴ്‌ച രാത്രി ഏഴു മണിയോടെ ചത്ത നിലയിൽ കണ്ടെത്തിയത്.
കെട്ടിയ സ്ഥലത്ത് പോത്തിനെ കാണാഞ്ഞതിനാൽ വൈകിട്ട് രാജുവും കുടുംബാംഗങ്ങളും തെരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ തോട്ടത്തിൽ റബർ മരത്തിലെ കുടുക്കിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. പോത്തിനെ ആരോ കൊലപ്പെടുത്തിയതാണെന്നാണ് രാജുവിന്റെ ആരോപണം. മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോത്തിന്റെ മൂക്കുകയറിലെയും കഴുത്തിലെയും കയറുകൾ ചേർത്ത് കെട്ടിയ നിലയിലാണ് . ഇത്തരത്തിൽ കെട്ടണമെങ്കിൽ ആരെങ്കിലും മനപൂർവം ചെയ്‌തതാകാമെന്ന നിഗമനത്തിലാണ് പൊലീസും ഉടമയും. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.