
കോട്ടയം: പോരാട്ടനിലം ഉഴുതു മറിച്ച് മൂന്ന് മുന്നണികളുടേയും യാത്രകൾ ജില്ല കടന്നു പോയി. ഇനി വാർഡ് തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് പാർട്ടികൾ. സീറ്റ് വിഭജനം പൂർത്തിയായ ശേഷമേ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകളിലേയ്ക്ക് കടക്കൂ. .
യു. ഡി. എഫ്
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തെ തദ്ദേശതിരഞ്ഞെടുപ്പു ഫലം കെടുത്തിയതിന്റെ ആശങ്ക പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് യു.ഡി.എഫ്. ജോസ് വിഭാഗത്തിന്റെ മുന്നണിമാറ്റം ബാധിച്ചില്ലെന്ന് തെളിയിക്കുകയും വേണം. കാലങ്ങളായി വലതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളും ഇക്കുറി ചാഞ്ചാടുന്നതാണ് വെല്ലുവിളി. എൽ.ഡി.എഫിനെതിരായ ഭരണ വിരുദ്ധ വികാരം സ്ഥിതി അനുകൂലമാകുമെന്ന പ്രതീക്ഷയുമുണ്ട്. ജോസഫ് വിഭാഗം സീറ്റിനായി കടുംപിടുത്തം തുടരുമ്പോഴും ചർച്ചകൾ തുടരുകയാണ്. ഇന്നലെ പി.സി.ചാക്കോ വെടിപൊട്ടിച്ചെങ്കിലും തിരുവഞ്ചൂർ അടക്കം സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഉമ്മൻചാണ്ടിയടക്കം ഭവന സന്ദർശനങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. പി.എസ്.സി നിയമന വിവാദവും നെൽകർഷകരുടെ പ്രശ്നങ്ങളും ഇന്ധന വില വർദ്ധനവും ചർച്ചയാക്കാൻ സജീവ ശ്രമം നടക്കുന്നുണ്ട്.
എൽ.ഡി.എഫ്
ജോസ് കെ.മാണിയുടെ വരവോടെ വൻ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. 2016ൽ ജില്ലയിൽ രണ്ട് സീറ്റുകളിലാണ് എൽ.ഡി.എഫ് ജയിച്ചതെങ്കിൽ ഇപ്പോൾ സ്ഥിതി അതല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ടകളെ പിടിച്ചുലച്ചത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ജോസ് കെ.മാണിയുടെ സഹായത്തോടെ കോട്ടയത്ത് കുറഞ്ഞത് ആറ് സീറ്റുകളിലെങ്കിലും ജയിക്കാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളും ഭക്ഷ്യ കിറ്റും സാമൂഹിക സുരക്ഷാ പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും മുൻനിർത്തിയാണ് എൽ.ഡി.എഫ് പ്രചാരണം. അടിത്തട്ടുവരെ പ്രവർത്തനം സജ്ജമാക്കിയിട്ടുള്ള സി.പി.എമ്മിന് ഇനി സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുകയെന്ന കടമ്പകൂടിയേയുള്ളൂ.
എൻ.ഡി.എ
ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും 2016ലെ തിരഞ്ഞെടുപ്പോടെ ജില്ലയിൽ ബി.ജെ.പിക്ക് അഡ്രസുണ്ടായെന്നാണ് വിലയിരുത്തൽ. ബി.ഡി.ജെ.എസുമായുള്ള കൂട്ടുകെട്ട് വോട്ട് വർദ്ധനയ്ക്ക് കാരണമായെന്നും വിശ്വസിക്കുന്നു. അതുകൊണ്ട് ബി.ഡി.ജെ.എസിന് പരിഗണന നൽകിത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടും. തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി രണ്ട് പഞ്ചായത്തുകളിൽ ഭരണം നേടാനായതും സീറ്റുകൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞതുമാണ് ആത്മവിശ്വാസം ഉയർത്തുന്ന ഘടകം. എ ക്ളാസ് മണ്ഡലമായി കാഞ്ഞിരപ്പള്ളി മാറിയപ്പോൾ ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ ഫലത്തെ സ്വാധീനിക്കുന്ന സാഹചര്യത്തിലെത്തി. കേന്ദ്ര സർക്കാരിന്റെ ജനകീയ പദ്ധതികളാണ് പ്രധാന പ്രചാരണ വിഷയം. അതേസമയം, സംസ്ഥാന സർക്കാരിനെതിരായ പ്രചാരണത്തിന് വിഷയങ്ങൾ വീണുകിട്ടുന്നുമുണ്ട്. ശബരിമല യുവതിപ്രവേശനം സ്വാധീന മേഖലകളിൽ വീണ്ടും ചർച്ചയാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച വൈക്കം, ഏറ്റുമാനൂർ, പൂഞ്ഞാർ മണ്ഡലങ്ങൾ ഇത്തവണയും ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.