election

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള ജില്ലയിലെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങളും കൊവിഡ് പ്രതിരോധ മുൻകരുതലുകളും പാലിച്ച് തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് വിന്യാസമുണ്ടാകും.

തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനയും മോക് പോളും പൂർത്തിയായി. ആകെ 3456 ബാലറ്റ് യൂണിറ്റുകളും 3157 കൺട്രോൾ യൂണിറ്റുകളും 3406 വി.വി പാറ്റ് മെഷീനുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. റിസർവും പരിശീലനത്തിന് വേണ്ടവയും ഉൾപ്പെടെ ആവശ്യത്തിന് മെഷിനുകൾ ജില്ലയിലുണ്ട്. ആകെ 2406 പോളിംഗ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്. 842 ബൂത്തുകൾ അധികമായി ക്രമീകരിച്ച ഓക്‌സിലിറി ബൂത്തുകളാണ്. ഇതിൽതന്നെ 59 ബൂത്തുകൾ താത്കാലികമായി സജ്ജമക്കേണ്ടവയാണ്. ബൂത്തുകളുടെ പ്രാഥമിക പരിശോധന പൂർത്തിയായി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് വരണാധികാരികളുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു. റാമ്പുകൾ, വൈദ്യുതി ലഭ്യത, കുടിവെള്ളം തുടങ്ങിയവ ഉറപ്പാക്കേണ്ടതുണ്ട്. ടോയ്‌ലറ്റ് സൗകര്യം കുറവുള്ള സ്ഥലങ്ങളിൽ ശുചിത്വ മിഷന്റെ സഹകരണത്തോടെ ബയോ ടോയ്‌ലറ്റുകൾ ലഭ്യമാക്കും.

ബൂത്തുകളിൽ മൂന്നു ക്യൂ


പോളിംഗ് ബൂത്തുകളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഇതിന് പുറമെ ഭിന്നശേഷിക്കാർക്കും എൺപതിന് മുകളിൽ പ്രായമുള്ളവർക്കുമായി മൂന്നാമത് ഒരു ക്യൂകൂടി ഉണ്ടാകും.
ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നിൽക്കേണ്ട സ്ഥലം മുൻകൂട്ടി മാർക്ക് ചെയ്യും. വോട്ടർമാർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വോളണ്ടിയർമാരെയും നിയോഗിക്കും.

ആബ്‌സെന്റി വേട്ടേഴ്‌സിന് പ്രത്യേക ക്രമീകരണം
എൺപതു വയസിന് മുകളിലുള്ളവർ, ഭിന്നശേഷി വോട്ടർമാർ, കൊവിഡ് ബാധിച്ചവർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് പോളിംഗ് ബൂത്തിൽ എത്താതെതന്നെ വോട്ടു ചെയ്യാം. ആബ്‌സെന്റി വോട്ടർമാർ എന്നറിയപ്പെടുന്ന ഇവർക്കായി രണ്ടു പോളിംഗ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘങ്ങളെ നിയോഗിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതൽ വിജ്ഞാപനം കഴിഞ്ഞ് അഞ്ചു ദിവസം പിന്നിടുന്നതുവരെ ബൂത്ത് തല ഓഫീസർമാർ മുഖേന ആബ്‌സെന്റി വോട്ടർമാർക്ക് 12 ഡി ഫോം വിതരണം ചെയ്ത് പൂരിപ്പിച്ചു വാങ്ങും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭ്യമാകുന്ന മുറയ്ക്ക് ഇവർക്ക് വിതരണം ചെയ്തു തുടങ്ങും.


തിരഞ്ഞെടുപ്പ് യോഗങ്ങൾക്ക് നിയന്ത്രണം
തിരഞ്ഞെടുപ്പ് യോഗങ്ങൾക്കും നിയന്ത്രണമുണ്ട്. ആദ്യ ഘട്ടമെന്ന നിലയിൽ 27 കേന്ദ്രങ്ങൾ നിർണയിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തുന്നതിന് സുവിധ പോർട്ടൽ മുഖേന അപേക്ഷ നൽകണം. അപേക്ഷ ലഭിക്കുന്ന ക്രമത്തിലാണ് അനുമതി നൽകുക.

 40 പ്രശ്ന ബാധിത ബൂത്തുകൾ

ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി 40 പ്രശ്ന ബാധിത ബൂത്തുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ അധിക സുരക്ഷ ഒരുക്കും. ജില്ലയിൽ ഐ.ടി.ബി.പി ഫോഴ്സിന്റെ ഒരു കമ്പനി എത്തിയിട്ടുണ്ട്. കുമരകം, വൈക്കം, ഈരാറ്റുപേട്ട അടക്കമുള്ള സ്ഥലങ്ങൾ പ്രശ്നബാധിത പട്ടികയിലുണ്ട്. ഇവിടങ്ങളിൽ റൂട്ട് മാർച്ചും നടത്തും.

സംശയങ്ങൾക്ക് ട്രോഫ്രീ നമ്പർ : 1950

 പുരുഷൻമാ:ർ 772548

 സ്ത്രീകൾ: 809449

 ട്രാൻസ്‌ജെൻഡർ: 10

 ആകെ : 15,82007