
കോട്ടയം: കോട്ടയത്ത് സി.പി.എം സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് ഇന്നും നാളെയും ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കും.
9 സീറ്റിൽ നാലെണ്ണം വീതം സി.പി.എമ്മും കേരള കോൺഗ്രസ് ജോസ് വിഭാഗവും പങ്കിട്ടെടുക്കാനാണ് ധാരണ. ഒരു സീറ്റ് സി.പി.ഐയ്ക്കും നൽകും. കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിന് നൽകിയാൽ പകരം മറ്റൊരു സീറ്റ് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റുമാനൂർ ഒഴിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് സീറ്റ് ജോസും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ നൽകാൻ സാദ്ധ്യത കുറവാണ് .
കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിനു നൽകുന്നതിന് പകരം സി.പി.ഐയ്ക്കു കോട്ടയം നൽകാമെന്ന നിർദ്ദേശം ഉയർന്നുവെങ്കിലും ചങ്ങനാശേരിയോടാണ് താത്പര്യം കാട്ടിയത് . ജോബ് മൈക്കിളിനെ രംഗത്തിറക്കിയ ജോസ് വിഭാഗം ചങ്ങനാശേരി വിട്ടുകൊടുത്താൽ പകരം സുരേഷ് കുറുപ്പിന്റെ സിറ്റിംഗ് സീറ്റായ ഏറ്റുമാനൂർ വേണമെന്ന് ആവശ്യപ്പെട്ടു.
നിലവിൽ പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകളാകും ജോസ് വിഭാഗത്തിന് ലഭിക്കുക. സീറ്റ് വെച്ചു മാറ്റം വന്നാൽ പകരമായി പൂഞ്ഞാറോ ഏറ്റുമാനൂരോ അവർ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഏറ്റുമാനൂർ സീറ്റിലേക്ക് സുരേഷ് കുറുപ്പ് , വി.എൻ.വാസവൻ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. കൂടുതൽ തവണ മത്സരിച്ചത് സുരേഷ് കുറുപ്പിനും ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ജില്ലാ സെക്രട്ടറിയായിരിക്കുന്നതും വാസവനും പ്രശ്നമാണ്. എങ്കിലും ജയസാദ്ധ്യത കണക്കിലെടുത്ത് ഇളവ് പരിഗണിച്ചേക്കും.
മീനച്ചിലാർ മീനന്തലയാർ നദീ സംയോജനത്തിലൂടെ ജന ശ്രദ്ധ നേടിയ അഡ്വ. കെ.അനിൽകുമാർ, ഉത്തരവാദിത്വ ടൂറിസം മിഷൻ കോ ഒാർഡിനേറ്റർ കെ.രൂപേഷ് കുമാർ എന്നിവരും പരിഗണനയിലുണ്ട്.
പൂഞ്ഞാർ സീറ്റ് സി.പി എമ്മിനു ലഭിച്ചാൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.ജെ. തോമസിന്റെ പേരാണ് പരിഗണനയിൽ .
ഉമ്മൻചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയിൽ കഴിഞ്ഞ തവണ മത്സരിച്ച് ലീഡ് കുറച്ച യുവനേതാവ് ജയ്ക്ക് സി തോമസിനു പുറമേ റജി സഖറിയ, കെ.എം.രാധാകൃഷ്ണൻ എന്നിവരാണ് പരിഗണനയിൽ . ഉമ്മൻചാണ്ടിക്ക് വെല്ലുവിളി ഉയർത്താവുന്ന പൊതു സ്വതന്ത്രനും ചർച്ചയിലുണ്ട്.
പാലായിൽ ജോസ് കെ. മാണി, കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജ്, ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ എന്നിവർക്കു പുറമേ കടുത്തുരുത്തിയിൽ മോൻസ് ജോസഫിന് വെല്ലുവിളി ഉയർത്താവുന്ന സ്ഥാനാർത്ഥിയെയാണ് ജോസ് വിഭാഗം പരിഗണിക്കുന്നത് . വൈക്കത്ത് സി.കെ.ആശയെ മാത്രമേ സി.പി.ഐ പരിഗണിക്കുന്നുള്ളൂ.