ടി.വി.പുരം : ടി.വി.പുരം പഞ്ചായത്തിലെ രണ്ടു പ്രധാന റോഡുകളിൽ ഒരേ സമയം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാത്രാക്ലേശം രൂക്ഷമായി. വൈക്കം - മൂത്തേടത്തുകാവ് റോഡ് ബി.എം.സി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെയും, വൈക്കം - ടി.വി.പുരം റോഡിലെ പളളിയാട്ട് പാലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളാണ് ഒരേ സമയം നടക്കുന്നത്. ഇതോടെ മുത്തേടത്തുകാവ്, ടി.വി.പുരം ഭാഗത്തെ ജനങ്ങൾ ഉൾപ്രദേശത്തെ റോഡുകളിലൂടെ ചുറ്റിക്കറങ്ങി ഏറെ സമയമെടുത്താണ് വൈക്കം നഗരത്തിലെത്തുന്നത്. മൂത്തേടത്തുകാവ് റോഡിലെ രൂക്ഷമായ പൊടിശല്യവും ദുരിതം വിതയ്ക്കുകയാണ്.

നിർമ്മാണം നിലച്ചു

വൈക്കം - മൂത്തേടത്തുകാവ് റോഡ് ഉയർത്തി ആധുനിക നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനായി റോഡ് പൊളിച്ച് മെറ്റലിംഗ് നടത്തിയെങ്കിലും പിന്നീട് നിർമ്മാണം നിലച്ചു. മെറ്റലിളകിയ റോഡിലൂടെ കാൽനടയാത്രയും വാഹന ഗതാഗതവും ഏറെ ദുഷ്‌കരമായി. പ്രദേശവാസികൾ സ്വന്തം നിലയ്ക്ക് റോഡു നനയ്ക്കുന്നതാണ് യാത്രക്കാർക്കു കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. പള്ളാട്ടുപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാലം പൂർത്തിയായി വൈക്കം - ടി.വി.പുരം റോഡിൽ ഗതാഗതം സാധാരണ ഗതിയിലായാലും വൈക്കം - മുത്തേടത്തുകാവ് റോഡിന്റെ നിർമ്മാണം പൂർത്തിയാകില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.