പൊൻകുന്നം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരിൽ എസ്.എസ്.എൽ.സി ,ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി വെയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോട്ടയം ജില്ലാ സംയുക്ത അദ്ധ്യാപക വേദി ആവശ്യപ്പെട്ടു . ഇപ്പോൾ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം മാർച്ച് 17 മുതൽ പരീക്ഷ തുടങ്ങും. ഇത് തിരഞ്ഞെടുപ്പ് പരിശീലനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പറയുന്നത് .എന്നാൽ ഡ്യൂട്ടി കിട്ടുന്ന അദ്ധ്യാപകർക്ക് 17ന് മുമ്പോ പരീക്ഷ ഇല്ലാത്ത ദിവസങ്ങളിലോ പരിശീലനം നൽകാവുന്നതേയുള്ളൂ. പരീക്ഷ മാറ്റിവെയ്ക്കാതെ ഇപ്പോൾ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം നടത്തണമെന്ന് സംയുക്ത അദ്ധ്യാപക വേദി ജില്ലാ നേതാക്കളായ ജോൺസൺ (കെ പി.എസ്.ടി.എ), നാസർ മുണ്ടക്കയം (കെ.എസ്.ടി.യു) ,സജി (കെ. എച് .എസ് .ടി .യു ), മുഹമ്മദ് യാസീൻ (കെ. എ. ടി .എഫ് ) എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു .