പാലാ: എൽ.ഡി.എഫിൽ നിന്ന് ജയിച്ചയാൾ യു.ഡി.എഫിലും തോറ്റയാൾ എൽ.ഡി.എഫിലും മത്സരിക്കുന്ന വിചിത്ര മത്സരമാണ് പാലായിൽ വരുന്ന തിരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ പാലായിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജി. രഞ്ജിത് മീനഭവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആമുഖപ്രസംഗം നടത്തി. അഡ്വ. നാരായണൻ നമ്പൂതിരി, എൻ.പി ശങ്കരൻകുട്ടി, സന്ദീപ് വചസ്പതി, കെ.ഗണേഷ്, വി.വി രാജൻ, പ്രൊഫ.ബി. വിജയകുമാർ, അഡ്വ.പി.ജെ തോമസ്, എസ്. ജയസൂര്യൻ, എൻ.കെ ശശികുമാർ, കെ.വി നാരായണൻ, വി.സി അജികുമാർ, പ്രഭുൽ കൃഷ്ണൻ, സോമശേഖരൻ തച്ചേട്ട്, അഡ്വ. കെ.പി സനൽകുമാർ, സരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു
വിജയയാത്രക്ക് പാലായിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. സ്വീകരണത്തിന് മുന്നോടിയായി നൂറിലധികം യുവതികളുൾപ്പെടെ ആയിരത്തോളം ഇരുചക്ര വാഹനങ്ങൾ പങ്കെടുത്ത വാഹനറാലി നഗരം ചുറ്റി. കടുത്തുരുത്തിയിൽ നിന്ന് മുത്തോലി ഇൻഡ്യാർ ജംഗ്ഷനിൽ എത്തിയ യാത്രയെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കുരിശുപള്ളി ജംഗ്ഷനിലേക്ക് സ്വീകരിച്ചാനയിച്ചു.
കുരിശു പള്ളി ജംഗ്ഷനിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ജാഥാ ക്യാപ്ടനെ ആരതിയുഴിഞ്ഞു സ്വീകരിച്ചു. ആന ഉടമ സംഘം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് നെറ്റിപ്പട്ടം ഉപഹാരമായി നൽകി കെ.സുരേന്ദ്രനെ സ്വീകരിച്ചു. പുതിയതായി അംഗത്വമെടുത്ത പാലാ ബാറിലെ അഭിഭാഷകരായ അഡ്വ. ഡോൺ ജോസ്, അഡ്വ. ടിനു, പൂഞ്ഞാർ മാത്യു എന്നിവരെ സമ്മേളനത്തിൽ സ്വീകരിച്ചു.