vazhavara

പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും

കട്ടപ്പന: വാഴവര നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണം മുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. വാകപ്പടിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ആശുപത്രിക്കായി വാഴവര ടൗണിനോട് ചേർന്നുള്ള നഗരസഭയുടെ സ്ഥലത്താണ് കെട്ടിട നിർമാണം ആരംഭിച്ചത്. ആദ്യഘട്ട നിർമാണം പുരോഗമിക്കുന്നതിനിടെയാണ് സാമഗ്രികളുടെ ലഭ്യതക്കുറവിന്റെ പേരിൽ ജോലികൾ നിർത്തിയിരിക്കുന്നത്. ഒരുമാസം കഴിഞ്ഞിട്ടും നിർമാണം പുനരാരംഭിക്കാതെ വന്നതോടെ നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വാകപ്പടിയിലെ വാടക കെട്ടിടത്തിലാണ് നഗര പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്. പ്രതിദിനം 200ൽപ്പരം രോഗികളാണ് ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്. രണ്ട് ഡോക്ടർമാരുടെ സേവനം നിലവിൽ ലഭ്യമാണ്. കൂടാതെ വ്യാഴാഴ്ച ദിവസങ്ങളിൽ നേത്ര പരിശോധനയും ബുധനാഴ്ചകളിൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പും നടക്കുന്നുണ്ട്. പൊതുജനങ്ങൾക്കിടയിൽ മികച്ച അഭിപ്രായമുള്ള ആശുപത്രിയിൽ, സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചാൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് ദേശീയ ആരോഗ്യ മിഷനും ആരോഗ്യ വകുപ്പും അറിയിച്ചിരുന്നു.
ഇതോടെയാണ് നഗരസഭയുടെ സ്ഥലം കെട്ടിടം നിർമിക്കാൻ വിട്ടുനൽകിയത്. റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും അനുവദിച്ച് ആദ്യഘട്ട നിർമാണവും തുടങ്ങി. എന്നാൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് നഗരസഭ ഫണ്ടുപയോഗിച്ചുള്ള നിർമാണം പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഇവിടുത്തെ പണികൾ താത്കാലികമായി നിർത്തിയതെന്നും ആക്ഷേപമുണ്ട്.

സമയബന്ധിതമായി പൂർത്തിയാക്കണം

വാഴവര, നിർമലാസിറ്റി, മുളകരമേട്, എട്ടാംമൈൽ, കാൽവരിമൗണ്ട് മേഖലകളിലെ ആളുകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ആശുപത്രിയുടെ കെട്ടിട നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. കഴിഞ്ഞ നഗരസഭ ബഡ്ജറ്റിൽ 10 ലക്ഷം രൂപ ആശുപത്രിയുടെ കെട്ടിട നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്.

.