
കട്ടപ്പന: പുലിയിറങ്ങിയ മേരികുളം ഡോർലാൻഡിലെ ഏലത്തോട്ടത്തിൽ വനം വകുപ്പ് കാമറകൾ സ്ഥാപിച്ചു. കുമളി റേഞ്ച് ചെല്ലാർകോവിൽ സെക്ഷനിലെ വനപാലകരായ ജെ. വിജയകുമാർ, പി.എസ്. അനീഷ്, സജു എസ്‌ദേവ്, ഫോറസ്റ്റ് വാച്ചർ ഇ. ഷൈജുമോൻ എന്നിവർ ഇന്നലെ സ്ഥലത്തെത്തി രണ്ട് ക്യാമറകളാണ് സ്ഥാപിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ മുറ്റത്താണ് കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ പുലിയെ കണ്ടത്. പോത്ത് ഫാമിനു സമീപം നിന്ന പുലി, തൊഴിലാളികൾ വീടിനു പുറത്തിറങ്ങിയപ്പോൾ ഏലത്തോട്ടത്തിലേക്ക് കയറിപ്പോയി.
വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ മേഖലയിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുലിയുടെ കാൽപാടുകൾ സ്ഥലത്ത് കണ്ടെത്തിയിരുന്നു.
2020 സെപ്തംബർ 28ന് പൂവന്തിക്കുടിയിൽ കണ്ടെത്തിയ കാൽപാടുകൾ പുലിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 20ന് നിരപ്പേൽക്കടയ്ക്കു സമീപവും ആഴ്ചകൾക്ക് ശേഷം ചെങ്കര, ചിന്നസുൽത്താനിയ തുടങ്ങിയ മേഖലകളിലും പുലിയെ കണ്ടിരുന്നു.