
കോട്ടയം: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. ഏതാനും കെ.എസ്. ആർ.ടി.സി. ബസുകൾ സർവീസ് നടത്തിയെങ്കിലും സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ടാക്‌സികളും ചരക്കുവാഹനങ്ങളും ഒാടിയില്ല.
സ്വകാര്യ വാഹനങ്ങൾ പതിവുപോലെ നിരത്തിലിറങ്ങി. വാഹന സർവീസ് കുറഞ്ഞതിനെത്തുടർന്ന് സർക്കാർ സ്ഥാപനങ്ങളിലും ഹാജർ കുറവായിരുന്നു.
കോട്ടയം മാർക്കറ്റിൽ വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞു കിടന്നു. സ്വകാര്യ ബസുകൾ ജില്ലയിൽ ഒരു സ്ഥലത്തും സർവീസ് നടത്തിയില്ല.
പണിമുടക്കിയ തൊഴിലാളികൾ കോട്ടയത്ത് പ്രകടനം നടത്തി. തിരുനക്കര ബസ് സ്റ്റാൻഡിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാപ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷനായി.