
കോട്ടയം: ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ജില്ലയിലെ പര്യടനം അവസാനിപ്പിച്ചു. കാർഷിക പ്രശ്‌നങ്ങളും വികസന പിന്നാക്കാവസ്ഥയും പാർശ്വവത്കരിക്കപ്പെട്ടവരുടെ ദുരിതങ്ങളും ചർച്ച ചെയ്താണ് ജില്ലയിൽ വിജയ യാത്ര പര്യടനം നടത്തിയത്.
ഇന്നലെ രാവിലെ ജില്ലയിൽ പ്രവേശിച്ച യാത്രയ്ക്ക് വൻവരവേൽപ്പാണ് ലഭിച്ചത്.
ഇടുക്കിയിൽ നിന്നെത്തിയ വിജയയാത്രയെ കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട് നഗരകവാടത്തിൽ വാദ്യഘോഷങ്ങളടേയും മാർഗംകളിയുടെ അകമ്പടിയിൽ ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അവിടെ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സമ്മേളന നഗരിയായ കടുത്തുരുത്തിയിലെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് പാല, പൊൻകുന്നം, മണർകാട്, ചങ്ങനാശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മഹാസമ്മേളനവേദിയായ തിരുനക്കര മൈതാനത്തെത്തി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കൊപ്പം കോട്ടയം നഗരത്തിൽ റോഡ് ഷോയോടെയാണ് കെ.സുരേന്ദ്രൻ എത്തിയത്.
വിവിധ സ്വീകരണ യോഗങ്ങളിൽ എം.ടി.രമേശ്, രേണു സുരേഷ്, ജയസൂര്യൻ , വി.വി.രാജൻ, ജിജി ജോസഫ്, പി.ആർ. ശിവശങ്കരൻ, ശോഭാ സുരേന്ദ്രൻ, സന്ദീപ് വാചസ്പതി, അഡ്വ. നാരായണൻ നമ്പൂതിരി , എൻ.പി. ശങ്കരൻ കുട്ടി, കെ.ഗണേഷ്, രാകേന്ദു. ആർ.ബി, പ്രഫുൽ കൃഷ്ണൻ, പി.രഘുനാഥ്, അഡ്വ. നിവേദിത തുടങ്ങിയവർ സംസാരിച്ചു.
തിരുനക്കര മൈതാനത്ത് മഹാസമ്മേളന വേദിയിലേക്ക് സുരേന്ദ്രനെ ആനയിച്ചത് ഉത്സവാന്തരീക്ഷത്തിലാണ്. തിരുനക്കര മൈതാനത്ത് തടിച്ചുകൂടിയ മഹാപുരുഷാരം സുരേന്ദ്രനെത്തിയതോടെ ആവേശത്തിമിർപ്പിലായി. മുൻ കേന്ദ്ര മന്ത്രിയും എം.പിയുമായ അൽഫോൺസ് കണ്ണന്താനം, കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവരും പങ്കെടുത്തു. വിവിധ സമുദായിക സംഘടനാ നേതാക്കൾ, വിവിധ സംഘടനാ പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവരുമായി കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.