
ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾ തകർന്ന നിലയിൽ. ദിനം പ്രതി നൂറ് കണക്കിന് ആളുകൾ ബസ് കയറുന്നതിനും ഇറങ്ങുന്നതിനും ആശ്രയിക്കുന്ന ചങ്ങനാശേരി ട്രാൻസ്പോർട്ട് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിലെ ഇരിപ്പിടങ്ങളാണ് തകർന്നു കിടക്കുന്നത്. ശോചനീയാവസ്ഥയിലായ കെട്ടിടത്തിൽ ജീവൻ പണയംവെച്ചാണ് യാത്രക്കാർ പലപ്പോഴും നിൽക്കുന്നത്. മഴയത്തും വെയിലത്തും ബസ് കാത്ത് നില്ക്കണമെങ്കിൽ ഇടിഞ്ഞു പൊളിഞ്ഞ ഈ കെട്ടിടം മാത്രമാണ് ഏക ആശ്രയം. ഇരിപ്പിടങ്ങൾ ഉണ്ടെങ്കിലും കെട്ടിടത്തിന്റെ ശോച്യാവസ്ഥയിൽ പലരും പ്രായമായവരും കുട്ടികളും ഉൾപ്പെടെ മണിക്കൂറോളം ബസ് കാത്ത് നില്‌ക്കേണ്ട സ്ഥിതിയാണ്.
കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റിംഗ് ഇളകി യാത്രക്കാരുടെ തലയിൽ വീഴുന്ന സ്ഥിതിയാണ്. വാർക്കയുടെ കമ്പികൾ പഴകി ദ്രവിച്ച് പുറത്തേയ്ക്ക് തള്ളി നില്ക്കുന്ന നിലയിലാണ്. നഗരത്തിന്റെ കിഴക്കൻ മേഖലകളിലേയ്ക്കും പടിഞ്ഞാറൻ മേഖലകളിലേയ്ക്കും പോകുന്നതിനായി നിരവധി ആളുകളാണ് എത്തുന്നത്. എന്നാൽ, സന്ധ്യകഴിഞ്ഞാൽ ബസില്ലാത്ത സ്ഥിതിയാണ്. മണിക്കൂറോളം യാത്രക്കാർ കാത്തുനിൽക്കണം. സ്വകാര്യ ബസുകളും സന്ധ്യ കഴിഞ്ഞാൽ സർവ്വീസ് ഇല്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.