poovu

ചങ്ങനാശേരി: ദൂരെ നിന്ന് നോക്കിയാൽ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നത് പോലെ! മലയിലല്ല, വെള്ളത്തിലാണെന്ന് മാത്രം. ചങ്ങനാശേരി ബോട്ടുജെട്ടിയിലാണ് നീല വസന്തം വിരിയിച്ച് പോള പൂക്കൾ തിങ്ങി നിറഞ്ഞ് പൂത്തത്. പൂക്കളുടെ ഭംഗി ആസ്വദിക്കാനും ഫോട്ടോയും സെൽഫിയും എടുക്കുന്നതിനുമായി നിരവധിയാളുകളാണ് രാവിലെയും വൈകുന്നേരങ്ങളിലും എത്തുന്നത്. മുൻ വർഷങ്ങളിലും ബോട്ട് ജെട്ടിയിൽ സമാന രീതിയിൽ പോള പൂത്തിരുന്നു. എന്നാൽ, സന്ദർശകരുടെ തിരക്ക് ഈ വർഷമാണ് അനുഭവപ്പെട്ടതെന്ന് സമീപവാസികൾ പറയുന്നു. ബോട്ട് ജെട്ടി നവീകരിച്ചതും സഹായകമായി. മനയ്ക്കച്ചിറ ആറിൽ പോള പൂക്കുകയും പത്രമാദ്ധ്യമങ്ങളിൽ ശ്രദ്ധചെലുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ ആറിലെ പോള നീക്കം ചെയ്ത് വൃത്തിയാക്കിയതിനെ തുടർന്ന് ബോട്ട് ജെട്ടിയിലാണ് നീല വസന്തം തീർത്തിരിക്കുന്നത്. സായാഹ്നങ്ങളിൽ നടക്കാൻ എത്തുന്നവരും പോളപൂക്കളുടെ ഭംഗി ആസ്വദിച്ചേ മടങ്ങൂ. അവധി ദിവസമായ ഞായറാഴ്ച്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൈക്കുഞ്ഞുങ്ങളുമായി ഫോട്ടോ എടുക്കാൻ എത്തുന്നവരുമുണ്ട്. മാസങ്ങൾക്ക് മുൻപ് എസ്.ബി കോളേജ് വിദ്യാർത്ഥികൾ ജെട്ടിയിലെ പോള വാരി വൃത്തിയാക്കിയിരുന്നു. ആഴ്ച്ചകൾക്കുള്ളിലാണ് പോള തിങ്ങി നിറയുകയും പൂക്കുകയും ചെയ്തത്. ബോട്ട് സർവ്വീസിന് പോള തടസമാകുന്നുണ്ടെങ്കിലും സീസണിലെ പോള പൂക്കൽ ടൂറിസം സാധ്യതയും വിശ്രമകേന്ദ്ര സാധ്യതയും വർദ്ധിപ്പിക്കുന്നു.