rajeev

കോട്ടയം: കോട്ടയത്ത് ഇടതു വലതു മുന്നണി ഘടകകക്ഷികളുടെ സീറ്റുകൾ, സ്ഥാനാർത്ഥികൾ എന്നിവ സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. കെ.സുരേന്ദ്രന്റെ വിജയ യാത്ര അവസാനിക്കാത്തതിനാൽ എൻ.ഡി.എയിൽ സീറ്റ് ചർച്ച തുടങ്ങിയിട്ടില്ല.

ചങ്ങനാശേരിയെ ചൊല്ലി യു.ഡി.എഫിലും എൽ.ഡി.എഫിലുമുള്ള തർക്കത്തിന് പരിഹാരമായില്ല. പൂഞ്ഞാറിൽ ഒറ്റക്കു മത്സരിക്കുമെന്ന് പി.സി.ജോർജ് വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചതു മാത്രമാണ് സ്ഥിരീകരണമുള്ള വാർത്ത.

വാസവൻ,കുറുപ്പ് : മേൽകമ്മിറ്റിക്ക് വിട്ടു

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്നലെ ചേർന്ന് സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക ചർച്ച ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.രാജീവ് , കെ.ജെ. തോമസ് എന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി വി.എൻ വാസവൻ , സുരേഷ് കുറുപ്പ് എന്നിവർക്ക് മത്സരിക്കാനായി മാനദണ്ഡങ്ങളിൽ ഇളവ് വേണോ എന്ന് പാർട്ടി മേൽകമ്മിറ്റി തീരുമാനിക്കട്ടെ എന്ന നിലപാടാണ് ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നത്. കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി സീറ്റുകളിലേക്കുള്ള മറ്റു സ്ഥാനാർത്ഥികളുടെ പേരുകൾ പരിഗണിച്ചതായി വൈക്കം വിശ്വൻ അറിയിച്ചു. അഡ്വ. കെ.അനിൽ കുമാർ, അഡ്വ.പി.കെ. ഹരികുമാർ , റജി സഖറിയ, ജെയ്ക്ക് സി. തോമസ്, കെ.എം രാധാകൃഷ്ണൻ എന്നീ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പേരുകളാണ് സംസ്ഥാന കമ്മിറ്റിക്ക് നൽകാനായി മൂന്നു സീറ്റുകളിലേക്ക് പരിഗണിച്ചത്. പൂഞ്ഞാർ സീറ്റ് പാർട്ടിക്കു ലഭിക്കുമോ എന്നതു ജോസ് വിഭാഗവുമായുള്ള ചർച്ചയിലൂടെ തീരുമാനിക്കുമെന്നും വൈക്കം വിശ്വൻ പറഞ്ഞു.

തർക്കഭൂമിയായി ചങ്ങനാശേരി

എൽ. ഡി.എഫിൽ കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് വിഭാഗത്തിന് നൽകുന്നതിന് പകരം ചങ്ങനാശേരി വേണമെന്ന് സി.പി.ഐയും ചങ്ങനാശേരി വിട്ടു കൊടുക്കില്ലെന്ന് ജോസ് വിഭാഗവും നിലപാടെടുത്തതോടെ തർക്കം തുടരുകയാണ്. ഇടതു മുന്നണി സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയ്ക്കു ശേഷമേ തീരുമാനമാകൂ.

യു, ഡി. എഫിലാണെങ്കിൽ ചങ്ങനാശേരി സീറ്റ് സീനിയർ നേതാവ് കെ.സി. ജോസഫിനായി വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ജോസഫ് വിഭാഗം തയ്യാറായിട്ടില്ല . കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജോസഫ് വിഭാഗം. ഒരു സീറ്റ് വച്ചുമാറിയാൽ കാഞ്ഞിരപ്പള്ളി വേണമെന്നാണ് ആവശ്യം. മൂന്നു സീറ്റിൽ കൂടുതലില്ല എന്ന നിലപാടിലാണ് യു.ഡി.എഫ്.