
കോട്ടയം: ഭർത്താവിനൊപ്പം യാത്ര ചെയ്യവെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ടോറസ് ലോറിക്കടിയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു. എം.ഡി കൊമേഷ്യൽ സെന്ററിലുള്ള ലെവൽ ടെൻ വസ്‌ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയും നട്ടാശേരി വൈശാഖ് വീട്ടിൽ പ്രകാശിന്റെ ഭാര്യയുമായ നിഷ (40)യാണ് മരിച്ചത്.
ഇന്നലെ രാവിലെ ഒൻപതരയോടെ നിഷയെ പ്രകാശ് ജോലി സ്ഥലത്തേയ്ക്ക് കൊണ്ടു പോകവെ എം.സി റോഡിൽ നാഗമ്പടം പാലത്തിനു സമീപമായിരുന്നു അപകടം.
പുത്തേട്ട് നിന്ന് പ്രധാന റോഡിലേയ്‌ക്ക് കയറുന്നതിനിടെ പാലത്തിനു തൊട്ടു മുൻപ് ടോറസിനെ മറികടക്കാൻ ശ്രമിക്കവെ, നിയന്ത്രണം നഷ്‌ടമായ സ്‌കൂട്ടർ ടോറസ് ലോറിക്കടിയിലേയ്‌ക്ക് മറിയുകയായിരുന്നുവെന്ന് ദൃക‌്‌സാക്ഷികൾ പറഞ്ഞു. എതിർ ദിശയിൽ നിന്നുവന്ന സ്വകാര്യ ബസ് തട്ടിയാണ് സ്‌കൂട്ടർ മറിഞ്ഞതെന്നും ആക്ഷേപമുണ്ട്. റോഡിൽ വീണ നിഷയുടെ തലയിലൂടെ ടോറസ് കയറിയിറങ്ങി. പ്രകാശിന് നിസാര പരിക്കേറ്റു.
പൊലീസ് എത്തിയശേഷമാണ് മൃതദേഹം റോഡിൽ നിന്ന് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയത്. റോഡിൽ ചിതറിക്കിടന്ന തലച്ചോറും രക്തവും അഗ്നിരക്ഷാ സേനയെത്തി കഴുകിമാറ്റി. ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഭർത്താവ് പ്രകാശ് ആയുർവേദ ചികിത്സകനാണ്. സംസ്‌കാരം പിന്നീട്. മക്കൾ: അംഷ പ്രകാശ്, അംഷിത് പ്രകാശ്.