accident

കോട്ടയം: എം.സി റോഡിൽ തിരക്കേറിയ നാഗമ്പടത്ത് രണ്ടു വർഷത്തിനിടെ മരിച്ചത് അഞ്ച് ഇരുചക്രവാഹനയാത്രക്കാർ. ഭൂരിഭാഗം അപകടങ്ങളിലും വില്ലൻ ടോറസ് ലോറികളാണ്. തിരക്കേറിയ സമയത്ത് ടോറസ് ലോറികൾക്ക് നിയന്ത്രണമുണ്ടെങ്കിലും നഗരത്തിൽ അതൊന്നും ബാധകമല്ല.

നഗരത്തിന്റെ പ്രവേശന കവാടമായ നാഗമ്പടം ചെമ്പരത്തിമൂട് വളവ് മുതൽ നെഹ്‌റു സ്റ്റേഡിയം വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്.‌ ഇവിടെ സ്വാഭാവികമായും തിരക്ക് കൂടുതലാണ്. തിരക്കിൽ ഇരുചക്രവാഹനയാത്രക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത് . ഇന്നലെ രാവിലെ നട്ടാശേരി സ്വദേശി നിഷയുടെ മരണത്തിന് ഇടയാക്കിയ അപകടം അടക്കം ആറു മാസത്തിനിടെ ഇരുപതോളം അപകടങ്ങൾ ഈ റോഡിൽ ഉണ്ടായതായി മോട്ടോർ വാഹന വകുപ്പ് പറയുന്നു. രണ്ട് റോഡുകളും രണ്ട് പാലങ്ങളുമാണ് ഇവിടെ വന്നു ചേരുന്നത്. റെയിൽവേയുടെ അറ്റകുറ്റപണികളും ഇവിടെ നടക്കുന്നുണ്ട്. ഇതെല്ലാം ചേരുമ്പോൾ തിരക്ക് നിയന്ത്രണാതീതമാകും. ഇരുചക്രവാഹനങ്ങളുടെയും ഒാട്ടോ റിക്ഷകളുടെയും അശ്രദ്ധമായ ഡ്രൈവിംഗും ഇടതു വശത്തു കൂടിയുള്ള ഒാവർടേക്കിംഗുംകൂടിയാകുമ്പോൾ അപകടമുണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ.

പേരിന് ഒരു പൊലീസുകാരനെ ഡ്യൂട്ടിയിലിടാറുണ്ടെങ്കിലും തിരക്കും അപകടവും കുറയ്‌ക്കാൻ ഫലപ്രദമല്ല.

അശാസ്ത്രീയം ഈ റോഡും പാലവും

നാഗമ്പടം പാലത്തിലേയ്‌ക്കും മേൽപ്പാലത്തിലേയ്‌ക്കും കയറുന്ന ഭാഗത്ത് അപ്രോച്ച് റോഡും പാലവും തമ്മിൽ അകലം കൂടുതലാണ്. മേൽപ്പാലത്തിലും പാലത്തിലും റോഡിന്റെ കൈവരിയുടെ ഭാഗം ഇരുന്നുപോയിട്ടുമുണ്ട്. അശാസ്ത്രീയമായാണ് ഈ റോഡിന്റെ നിർമ്മാണം. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പ് നടപടിയൊന്നും സ്വീകരിച്ചില്ല.


മരണം രണ്ടുവർഷത്തിനിടെ

2019 ജനുവരി 21
കാണക്കാരിയിൽ വാടകയ്ക്ക് താമസിക്കുന്ന കറിക്കാട്ടൂർ കല്ലുകടുപ്പിൽ ജയകുമാറിന്റെ ഭാര്യ മിനി (38). ടോറസ് ലോറിയിൽ ബൈക്കിടിക്കുകയായിരുന്നു.

2019 ജനുവരി 26

പാറമ്പുഴ സ്വദേശി സ്‌കൂട്ടർ യാത്രക്കാരൻ


2019 ജൂലായ് 29
എസ്.എച്ച് മൗണ്ട് വായനശാല പരുത്തിക്കുഴി കാരട്ടയിൽ അരുൺ എസ്.നായർ (28)

2020 ജനുവരി 11
നാഗമ്പടത്ത് ആക്രിപെറുക്കി നടക്കുന്ന ബാബു (50)

2020 ജനുവരി 14
പെരുമ്പായിക്കാട് കിഴക്കാലായിൽ കുരുവിള വർഗീസ് (24). കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച്