കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിലെ കാഞ്ചയാര്‍ പാലാക്കട കെ.പി.എം. ജംഗ്ഷന്‍ ഇന്ന് മുതല്‍ മൂന്ന് കാമറകളുടെ നിരീക്ഷണത്തിലാകും. സുരക്ഷ റോഡ് ട്രാഫിക് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അപകട സാദ്ധ്യത മേഖലയായ ഇവിടെ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തി. ആവശ്യമെങ്കില്‍ പൊലീസിന് വിവരങ്ങള്‍ കൈമാറും. രാവിലെ 10ന് കട്ടപ്പന ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാര്‍ കാമറകള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ലബ്ബക്കട ജെ.പി.എം. കോളജില്‍ നടക്കുന്ന റോഡ് സുരക്ഷ ബോധവത്കരണ സെമിനാര്‍ ഇടുക്കി ആര്‍.ടി.ഒ. ആര്‍. രമണന്‍ ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. ജോബി വെള്ളാപ്ലാക്കല്‍ അദ്ധ്യക്ഷത വഹിക്കും. നിരോധിച്ചിട്ടുള്ള ലൈറ്റുകള്‍ ഇരുചക്ര വാഹനങ്ങളിലടക്കം ഉപയോഗിച്ചുവരുന്നതായും കട്ടപ്പന നഗരത്തില്‍ 24 മണിക്കൂറും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ദിശാബോര്‍ഡുകള്‍ കൂടുതലായി സ്ഥാപിക്കണമെന്നും സൊസൈറ്റി ഡയറക്ടര്‍മാരായ സുനില്‍ മാത്യു, വി.ടി. തോമസ്, ജോര്‍ജ് തോമസ്, ജോസ് തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.