അടിമാലി: മൂന്നാറിലെത്താൻ ആറ് കിലോമീറ്റർ, ഇടുക്കിയിലെത്തണമെങ്കിൽ നൂറ് കിലോമീറ്റർ യാത്രചെയ്യണം, പക്ഷെ പൊലീസ് സ്റ്റേഷനുകൾ പുതിയ ഡിവിഷന് കീഴിലാക്കിയപ്പോൾ ഇതൊന്നും പരിഗണിച്ചില്ല. അടിമാലി ,വെളളത്തൂവൽ പൊലീസ് സ്റ്റേഷനുകൾ ഇടുക്കി ഡിവൈ.എസ്.പിക്ക് കീഴിലാക്കിയതിലാണ് പ്രതിഷേധം ഉയരുന്നത് .അടുത്തയിടെ രൂപികരിച്ചഇടുക്കി ഡിവിഷനിലേയ്ക്കാണ് ഈ സ്റ്റേഷനുകൾ മാറ്റിയത്. വിവിധ ആവശ്യങ്ങൾക്കായി ഈ സ്റ്റേഷൻ പരിധിയിലുള്ളവർ യാത്ര സൗകര്യം കുറഞ്ഞ ഇടുക്കിയിലെത്തുന്നത് പ്രയാസകരവുമായി മാറി.അടിമാലി കേന്ദ്രമായി പുതിയ ഡിവൈ.എസ്.പി ഓഫീസ് വരുമെന്ന് കരുതിയിരുന്നപ്പോഴാണ് ചെന്നെത്താൻ പ്രയാസമായ ഇടുക്കിയലേക്ക് മാറിയത്.ക്രിമിനൽ കേസ് ഉൾപ്പെടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനുകളിൽ ഒന്നാണ് അടിമാലി.ഇത്തരം സംഭവങ്ങളിൽ മൂന്നാർ ഡിവൈ.എസ്.പിയുടെ പെട്ടെന്നുളള ഇടപെടലുകളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു.പൊതുവെ കേസുകൾ കുറവായ ഇടുക്കിയിൽ നിന്നും ഓഫീസ് അടിമാലിയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയരുന്നു.കാഞ്ഞിരവേലി,പഴംപള്ളിച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇടുക്കി ഡിവൈ.എസ്.പി ഓഫീസിലേക്ക് എത്തണമെങ്കിൽ 100 കിലോമീറ്ററിലധികം യാത്ര ചെയ്യണം.അതുപോലെ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ലക്ഷമി, രണ്ടാം മൈൽ എന്നിവിടങ്ങളിൽ നിന്ന് 6 കിലോമീറ്റർ സഞ്ചരിച്ചാൽ മൂന്നാർ ഡി.വൈ.എസ്.പി.ഓഫീസിൽ എത്താമെന്നിരിക്കെ 100 കിലോമീറ്ററിലധികം സഞ്ചരിച്ച് വേണം ഇടുക്കിയിൽ എത്തിച്ചേരാൻ.