
കോട്ടയം: മില്ലുടമകളും സപ്ലൈക്കോയും ഒത്തുകളിച്ച് കർഷകരെ കബളിപ്പിക്കുന്നു. കർഷകർ മൂന്നു മുതൽ നാലു കിലോ വരെ താര നൽകിയിരുന്നിടത്ത് 18 കിലോ വരെ നൽകണമെന്ന
ആവശ്യമാണ് മില്ലുടമകൾ ഉയർത്തുന്നത്. ഇത്രയും നൽകിയാൽ 25000 രൂപ വരെ കർഷകർക്ക് നഷ്ടം വരും.
ആർപ്പൂക്കര, കല്ലറ, നീണ്ടൂർ പാടശേഖരങ്ങളിൽ ഇപ്പോഴും ടൺ കണക്കിന് നെല്ലാണ് കൂടിക്കിടക്കുന്നത്. ഇതു സംഭരിക്കുന്നത് സംബന്ധിച്ച ചർച്ച പോലും മില്ലുടമകളുടെയും സപ്ലൈക്കോ അധികൃതരുടെയും അനാസ്ഥയെ തുടർന്ന് മുടങ്ങി. പാടശേഖര സമിതികളെയും കർഷകരെയും ദുരിതത്തിലും സമ്മർദത്തിലുമാക്കി നെല്ല് സംഭരിക്കുന്നതിനുള്ള ഗൂഢനീക്കമാണിപ്പോൾ നടക്കുന്നത്. കൊയ്തിട്ട് പത്തു ദിവസം പിന്നിട്ട നെല്ലുവരെ പാടത്തു കിടപ്പുണ്ട്. കൂടുതൽകാലം പാടത്ത് സൂക്ഷിക്കാൻ ബുദ്ധിമുട്ടാണ്. ഇതുവഴി സമ്മർദത്തിലാകുന്ന കർഷകർ സ്വാഭാവികമായും നെല്ല് തങ്ങൾക്കു തന്നെ നൽകുമെന്ന് മില്ലുടമകൾ പ്രതീക്ഷിക്കുന്നു. ഇതിനു ഒത്താശ ചെയ്യുകയാണ് സപ്ലൈക്കോയും സർക്കാരും.
കഴിഞ്ഞ ദിവസം ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ച അധികൃതർ പിന്നീട് അതിൽ നിന്ന് പിൻമാറി. മില്ലുടമകൾക്കു വേണ്ടി ഒത്താശ ചെയ്യുകയാണ് സപ്ലൈക്കോ ഉദ്യോഗസ്ഥർ. ഇത് കർഷകർക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് അവർ സമരത്തിനിറങ്ങിയത്.
നെല്ല് സംഭരണത്തിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് സംശയിക്കുന്നത്. ഒരു ടണ്ണിൽ 18 കിലോ വരെ കുറയ്ക്കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. വടക്കേ ഇന്ത്യയിലെ കർഷകർക്കു വേണ്ടി കണ്ണീരൊഴുക്കുന്ന രാഷ്ട്രീയക്കാർ കേരളത്തിലെ കർഷകരുടെ ദുരിതം കാണുന്നില്ല. മില്ലുടമകളെ സഹായിക്കുന്ന നയമാണ് സപ്ലൈക്കോ സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.
- തോമസ് ജോസഫ്, കർഷകൻ, കല്ലറ
രാപകൽ സമരം നടത്തി
നെല്ല് സംഭരണത്തിൽ അനാസ്ഥ കാട്ടുന്ന സർക്കാരിന്റെയും പാഡി ഓഫീസറുടെയും നിലപാടിൽ പ്രതിഷേധിച്ച് കർഷകർ ജില്ലാ പാഡി ഓഫീസിനു മുന്നിൽ രാപകൽ സമരം നടത്തി. നെല്ല് ചാക്കുകളിൽ നിറച്ച ശേഷം പാഡി ഓഫീസിനു മുന്നിൽ നിരത്തി വച്ചാണ് അപ്പർ കുട്ടനാട് കാർഷിക വികസന സമിതിയുടെ നേതൃത്വത്തിലുള്ള സമരം. രക്ഷാധികാരി മോഹൻ സി.ചതുരച്ചിറ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി എം.കെ ദിലീപ് , ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, നാട്ടകം സുരേഷ്, ലതികാ സുഭാഷ്, കുഞ്ഞ് ഇല്ലമ്പള്ളി, കർഷക സംഘം കല്ലറ പഞ്ചായത്ത് സെക്രട്ടറി സുഗുണൻ, കെ.എസ്.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം സി.എസ് രാജു എന്നിവർ പ്രസംഗിച്ചു.
അധികൃതർ ഇടപെടണം:സുരേഷ് കുറുപ്പ്
കോട്ടയം: കൃഷിക്കാരുടെ ആശങ്ക ശമിപ്പിക്കുവാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് സുരേഷ് കുറുപ്പ് എം.എൽ.എ ആവശ്യപ്പെട്ടു. പ്രശ്നം മന്ത്രി തിലോത്തമന്റെ ശ്രദ്ധയിൽ പെടുത്തിയ സാഹചര്യത്തിൽ ഇന്ന് മില്ലുടമകളുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതുവരെ ഒപ്പമുണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു.