
കോട്ടയം: വാഹനാപകടങ്ങളിൽ നിരപരാധികളെ പ്രതിയാക്കി ഇൻഷുറൻസ് തുകയുടെ വിഹിതം പറ്റാൻ ജില്ലയിൽ പൊലീസ്-അഭിഭാഷക മാഫിയ. ഇൻഷുറൻസില്ലാത്ത വാഹനം അപകടത്തിൽപെടുമ്പോൾ ഇൻഷുറൻസ് ഉള്ളയാളെ പ്രതിയാക്കി കേസെടുത്താണ് ഈ കളി. ഇൻഷുറൻസ് തുക ലഭിക്കുമ്പോൾ ഫീസിന് പുറമേ ഇതിന്റെ കമ്മീഷൻ വക്കീലും പൊലീസും പങ്കിടും.
ജില്ലയിലെ ഭൂരിഭാഗം വാഹനാപകടങ്ങളിലും ഇങ്ങനെ നിരപരാധികൾ പ്രതികളാകുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കേരളകൗമുദിയോടു പറഞ്ഞു. അമിത വേഗത്തിലും നിയമം പാലിക്കാതെയും എതിരെ വരുന്ന വാഹനത്തിൽ ഇടിച്ച് അപകടമുണ്ടായി പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്താൽ പലപ്പൊഴും വാദി പ്രതിയാകും. ഇൻഷുറൻസുള്ള വാഹനത്തിനെതിരെയും അതോടിച്ചയാൾക്കെതിരെയും കേസെടുക്കും. പൊലീസ് നൽകുന്ന നമ്പറുപയോഗിച്ച് മറുഭാഗത്തെയാളെ വക്കീൽ വിളിച്ച് ക്യാൻവാസ് ചെയ്ത് സാഹചര്യം ബോദ്ധ്യപ്പടുത്തും. ഇങ്ങനെയുള്ള കേസുകളിൽ നഷ്ടപരിഹാരത്തുകയിൽ നിന്ന് നിയമപ്രകാരം വാങ്ങാവുന്നതിലും അധികം പണം അഭിഭാഷകൻ കക്ഷിയോട് വാങ്ങും. ഒരു വിഹിതം കേസ് രജിസ്റ്റർ ചെയ്ത പൊലീസുകാർക്കും ലഭിക്കും.
പള്ളിക്കത്തോട് പൊലീസ് ചെയ്തത്
നിയമം പാലിച്ച് വാഹനമോടിച്ചിട്ടും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പ്രതിയായതിന്റെ വേദനയിലാണ് മണിമല കാക്കനാശേരിയിൽ കെ.കെ.സനൂപ്. 2020 ജൂലായ് 30ന് കോട്ടയത്ത് നിന്ന് വീട്ടിലേയ്ക്ക് വരുംവഴി രാത്രി എട്ടോടെ കൊടുങ്ങൂർ- മണിമല റൂട്ടിൽ തേക്കാനം ബസ് സ്റ്റോപ്പിന് സമീപം അമിത വേഗത്തിലെത്തിയ ബൈക്ക് സനൂപിന്റെ ബൈക്കിലിടിച്ചു. ആ ബൈക്ക് ഓടിച്ചയാൾക്ക് ലൈസൻസില്ല. വണ്ടിക്ക് ഇൻഷുറൻസുമില്ല. ഓടിച്ചയാളും പിന്നിലിരുന്നയാളും ഹെൽമറ്റും ധരിച്ചിരുന്നില്ല. ബൈക്കിന് പിന്നിലിരുന്നയാൾ മരിക്കുകയും സനൂപിനും ബൈക്കോടിച്ചയാൾക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പക്ഷേ, എഫ്.ഐ.ആറിൽ സനൂപ് പ്രതിയായി. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിക്കൊടുവിൽ രണ്ട് മാസത്തിന് ശേഷം ഗത്യന്തരമില്ലാതെ എതിർ കക്ഷിയായ യുവാവിനെതിരെയും കേസെടുത്തു. സനൂപിനെതിരായ കേസ് പിൻവലിച്ചുമില്ല.
' എനിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തത് മനോജ്, ജോയ് തോമസ് എന്നീ പൊലീസുകാരാണ്. കേസ് നിസാരമാണെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാത നോക്കിക്കോളാമെന്നും പൊലീസുകാർ പറയുന്നതിന്റെ ശബ്ദരേഖയുണ്ട്. എല്ലാ നിയമവും പാലിച്ച് വാഹനം ഓടിച്ചാലും പ്രതിയാക്കപ്പെടുന്ന നീതികേടിനെതിരായാണ് എന്റെ പോരാട്ടം''
-സനൂപ്