bell

വൈക്കം : വൈക്കം ബോട്ടുജെട്ടിയ്ക്ക് സമീപം കുട്ടികളുടെ പാർക്കിന് മുൻവശത്തായി സ്ഥാപിച്ചിരിക്കുന്ന കൂ​റ്റൻ മണി തുരുമ്പെടുത്ത് നശിക്കുന്നു. കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 2015 ആഗസ്റ്റ് 23 നാണ് വഴിയോര ശില്പം പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ച് വൈക്കം കായലോരത്ത് മണി സ്ഥാപിച്ചത്. കൊച്ചി ബിനാലെയിൽ കോതനല്ലൂർ സ്വദേശി ജിജിസ്‌കറിയ അവതരിപ്പിച്ച ഇൻസ്​റ്റലേഷനായിരുന്നു കൂ​റ്റൻ മണി. കാലത്തിന്റെ നിലയ്ക്കാത്ത പ്രവാഹത്തെ അടയാളപ്പെടുത്തുന്ന നാഴികമണി വൈക്കം സത്യാഗ്രഹമടക്കമുള്ള സാമൂഹിക മുന്നേ​റ്റങ്ങളുടെ ഭൂമികയായ വൈക്കത്ത് സ്ഥാപിക്കുന്നത് ഏറെ അഭികാമ്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് വൈക്കത്തേക്ക് മാ​റ്റി സ്ഥാപിച്ചത്.

മണിയിലെ സുഷിരങ്ങളിൽ നിന്ന് ജലകണങ്ങൾ ഇ​റ്റുവീഴുന്ന വിധമാണ് ശില്പത്തിന്റെ രൂപകല്പന. ജലകണങ്ങൾ മണിയിൽ നിന്ന് പൊഴിയണമെങ്കിൽ മോട്ടോർ പ്രവർത്തിപ്പിക്കണം. എന്നാൽ മണിയുമായുള്ള വൈദ്യുതിബന്ധം അധികൃതർ വേർപെടുത്തിയിരിക്കുന്നതിനാൽ ജലകണങ്ങൾ ഇ​റ്റുവീഴുന്നില്ല.

മൂന്ന് ഇരുമ്പ് തൂണുകൾ

മൂന്ന് ഇരുമ്പു തൂണുകളിലാണ് മണി ഘടിപ്പിച്ചിരിക്കുന്നത്. കായലിൽ ലവണാംശം വർദ്ധിക്കുന്ന സമയം ഓരു കാ​റ്റേ​റ്റ് തൂണുകൾ തുരുമ്പിച്ചു നശിക്കുകയാണ്. കാലാകാലങ്ങളിൽ തുരുമ്പ് നീക്കി ഇരുമ്പു തൂണുകളും മണിയും ചായം പൂശി മിഴിവുള്ളതാക്കണമെന്നാണ് ഏറെനാളായി ജനങ്ങൾ ആവശ്യപ്പെടുകയാണ്. ക്ഷേത്ര നഗരിയിലെത്തുന്ന വിനോദ സഞ്ചാരികളുടെയടക്കം മനം കവരുന്ന വൈക്കം കായലോരത്തെ കൂ​റ്റൻ മണി പരിരക്ഷിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.