melon

കോട്ടയം: ജില്ലയിൽ ചൂട് അതിതീവ്രതയിലേയ്ക്ക്. ഇന്നലെ രേഖപ്പെടുത്തിയത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില. 37.2 ഡിഗ്രി സെൽഷ്യസ്. ഇതോടെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പും രംഗത്തെത്തി. തിരുവനന്തപുരം വെള്ളായണിയിൽ 37.1 ഡിഗ്രിയും പുനലൂരിൽ 36.5 ഡിഗ്രിയും പാലക്കാട്ട് 36 ഡിഗ്രിയുമായിരുന്നു ഇന്നലത്തെ ഉയർന്ന താപനില. കഴിഞ്ഞ മാർച്ച് 18ന് 38.6 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഇതുവരെയുള്ള റെക്കോഡ് . പത്തു വർഷത്തിനിടെ നാലു തവണ മാർച്ചിൽ ചൂട് ജില്ലയിൽ 38 ഡിഗ്രി കടന്നതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു.

 ജാഗ്രതാ നിർദേശം

ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിനും ശരീരത്തിലെ ജലനഷ്ടത്തിനുമെതിരെ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ്. ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്നു ചൂടായ ശരീരം, വേഗത്തിലുള്ള നേർത്ത നാഡീ മിടിപ്പ്, ശക്തിയായ തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കണം. ചിലപ്പോൾ അബോധാവസ്ഥയും ഉണ്ടായേക്കാം

 ആശ്വാസമായി ഇളനീരും തണ്ണിമത്തനും

വേനൽച്ചൂട് ഏറിയതോടെ നഗരത്തിലുൾപ്പെടെ ഇളനീരിനും തണ്ണിമത്തനും ഡിമാൻഡ് കൂടി. പാതയോരങ്ങളിലും വിശ്രമ കേന്ദ്രങ്ങളിലും വിൽപനക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്.
ദാഹമകറ്റാൻ കൃത്രിമ പാനീയങ്ങൾ ഏറെയുണ്ടെങ്കിലും ഇളനീരിന് ഇപ്പോഴും ആവശ്യക്കാരേറെയാണ്. തമിഴ്‌നാട്ടിൽ നിന്നാണ് കൂടുതലായും ഇളനീർ എത്തിക്കുന്നത്. പോഷകഘടകങ്ങൾ ഏറെയുള്ള ഇളനീർ ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും അത്യുത്തമമാണ്. ഇളം കാമ്പ് കഴിച്ച് വിശപ്പടക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്.

വേനൽ ചൂടിൽ ആളുകൾക്ക് ആശ്വാസം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് തണ്ണിമത്തനാണ്. ക്ഷീണവും ദാഹവും ശമിപ്പിക്കാൻ തണ്ണിമത്തന് സാധിക്കുമെന്നതിനാൽ പാതയോരങ്ങളിലെ കടകളിലുൾപ്പെടെ വിൽപനയുമേറി. കർണാടക, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് തണ്ണിമത്തനെത്തുന്നത്. സമാം, കിരൺ, നാംധാരി, വിശാൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തൻ വിപണിയിലുണ്ട്.