കോട്ടയം : ജില്ലയിലെ ആറു സീറ്റിൽ കോൺഗ്രസ് മത്സരിക്കണമെന്നും, സീറ്റ് വിഭജനത്തിൽ ഘടകക്ഷികൾക്ക് മുട്ടിൽ നട്ടെല്ലു വളയ്‌ക്കരുതെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന രീതിയിലാണ് നേതൃത്വം സീറ്റ് ചർച്ചകളുമായി മുന്നോട്ട് പോകുന്നത്. കേരള കോൺഗ്രസ് മാണി -ജോസഫ് വിഭാഗങ്ങൾ ഒരുമിച്ച് നിന്നപ്പോൾ ജില്ലയിൽ ആറ് സീറ്റിലാണ് അവർ മത്സരിച്ചത്.നിലവിൽ ഇതിൽ ഒരു വിഭാഗം മുന്നണി വിട്ട പശ്ചാത്തലത്തിൽ കടുത്തുരുത്തി ഒഴികെ മറ്റ് സീറ്റുകളിൽ ജോസഫ് വിഭാഗം അവകാശവാദമുന്നയിക്കുന്നത് ശരിയല്ല. വിജയ സാധ്യതയായിരിക്കണം സീറ്റ് വിഭജനത്തിന്റെ മാനദണ്ഡമെന്നിരിക്കേ സീറ്റുകൾക്കു വേണ്ടി വിലപേശുന്ന ജോസഫ് വിഭാഗം ആ സീറ്റുകളിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളുണ്ടോ എന്ന് കൂടി ആത്മപരിശോധന നടത്താൻ തയ്യാറാകണം. വർഷങ്ങളായി ജില്ലയിൽ നേതൃനിരയിൽ നിൽക്കുന്നവരേ അവഗണിക്കുന്ന നടപടി നേതൃത്വം സ്വീകരിക്കരുത്. പ്രവർത്തകരുടെ വികാരം മാനിക്കാതെയുള്ള തീരുമാനങ്ങളുമായി നേതൃത്വം മുന്നോട്ട് പോകുന്ന പക്ഷം സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, റ്റോം കോര അഞ്ചേരിൽ ,ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.