കട്ടപ്പന: ഇടുക്കി നിയോജകമണ്ഡലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിൽ നേതാക്കൾ അലംഭാവം കാട്ടുകയാണെന്ന് ഡി.സി.സി. ജനറൽ ബോഡി യോഗത്തിൽ വിമർശനം. ജില്ലയിലെ 196 ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചത്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നുള്ള ആവശ്യം ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബിജു നെടുഞ്ചേരി പ്രമേയമായി യോഗത്തിൽ അവതരിപ്പിച്ചു. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം എ.പി. ഉസ്മാനും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി. കഴിഞ്ഞ 20 വർഷമായി കേരള കോൺഗ്രസാണ് സീറ്റിൽ മത്സരിച്ചിരുന്നത്. എന്നാൽ മാണി ഗ്രൂപ്പ് എൽ.ഡി.എഫിലേക്ക് പോയപ്പോൾ ജോസഫ് ഗ്രൂപ്പിന് ഇടുക്കി സീറ്റ് നൽകുന്നതിനോട് ഭൂരിഭാഗം പേർക്കും വിയോജിപ്പാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്തപ്പോൾ വൻ തിരിച്ചടിയുണ്ടായി. അതുകൊണ്ട് ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് യോഗത്തിലെ പൊതുവികാരമുണ്ടായി. വരും ദിവസങ്ങളിൽ യൂത്ത് കോൺഗ്രസും ഇടുക്കി സീറ്റിനായി അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം.