അടിമാലി: വട്ടവടയിൽ നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ മാരക ലഹരിമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റകലായി. എംഡി എം എ (മെത്തലീൻ ഡയോക്‌സി മെത്താം ഫിറ്റമിൻ) ,എൽ എസ് ഡി (ലൈസർജിക് ആസിഡ് ഡൈതലാമൈഡ് ), ഹാഷിഷ് ഓയിൽ, ഉണക്ക കഞ്ചാവ് എന്നിവയാണ് യുവാക്കളിൽനിന്നും കണ്ടെത്തിയത്. ,പഴത്തോട്ടത്ത് പ്രവർത്തിക്കുന്ന 'മൊണ്ടാന' ടെന്റ് ക്യാമ്പ് കേന്ദ്രീകരിച്ച് നിശാപാർട്ടിക്കിടയിൽ മാരക ലഹരി മരുന്നുകൾ വിതരണം നടക്കുന്നുണ്ടെന്ന് എക്‌സൈസ് ഷഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഒരേക്കറിലധികം വരുന്ന ടെന്റ്ക്യാമ്പിൽ നാലു മണിക്കൂറിലധികം പരിശോധന നടത്തിയപ്പോഴാണ് 0.150 ഗ്രാം എംഡി എം എ , 0.048 ഗ്രാം എൽ എസ് ഡി, 3.390 ഗ്രാം ഹാഷിഷ് ഓയിൽ, 10ഗ്രാം കഞ്ചാവ് എന്നിവ ലഭിച്ചത്. ആലപ്പുഴ കോമളപുരം ആര്യാട് വാളശ്ശേരി വീട്ടിൽ സാജിദ് (25), മാമ്മൂട് കളരിക്കൽ വീട്ടിൽ മുഹമ്മദ് ഷാദുൽ (22),നെടുമ്പശ്ശേരി അത്താണി ശ്രീരംഗം ശ്രീകാന്ത് (32 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന മയക്കുമരുന്നുകൾ ഓൺലൈനിലൂടെ ടെന്റ് ബുക്ക് ചെയ്‌തെത്തുന്ന യുവാക്കൾക്കാണ് വിൽപ്പന നടത്തിയിരുന്നത്.. കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തുന്നതാണെന്ന് എക്‌സൈസ് പറഞ്ഞു.. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ടി. വി സതീഷ്, കെ വി പ്രദീപ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, ജോസ് പി, ഡ്രൈവർ ശരത് എസ് പി എന്നിവരാണ് പങ്കെടുത്തത്.