അടിമാലി.1960ല നിയമവും 1964 ലെ ചട്ടങ്ങൾ പ്രകാരവും പട്ടയം ലഭിച്ച ഭൂമിയിൽ വീട് മാത്രമേ നിർമ്മിക്കാവൂ എന്നും മറ്റ് നിർമ്മാണങ്ങളെല്ലാം നിരോധിച്ചുകൊണ്ടും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. ഇതോടെ ഷോപ്പിംഗ് കോംപ്ലക്‌സകൾ, വ്യാപാരാവശ്യത്തിനുള്ള കെട്ടിടങ്ങൾ, പെട്രോൾ
പമ്പുകൾ, ആഡിറ്റോറിയങ്ങൾ, ആരാധനാലയങ്ങൾ, റിസോർട്ടുകൾ, ആശുപത്രികൾ,സ്‌കൂൾ കെട്ടിടങ്ങൾ, സിനിമാ തിയേറ്ററുകൾ ഇവയൊന്നും പട്ടയഭൂമിയിൽ നിർമ്മിക്കാനാവാത്തസ്ഥിതിയായതായി വ്യാപാരി വ്യവസായി ഏകോപന സമിതി . ജില്ലാ പ്രസിഡന്റ് കെ. എൻ. ദിവാകരൻ പറഞ്ഞു.കഴിഞ്ഞ 60 വർഷത്തോളമായി അനുമതി നേടി നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ
അനധികൃതമായിരിക്കുകയാണ്.വാണിജ്യമേഖലയിൽ മുതൽമുടക്കിയവരും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന തൊഴിലാളികളും നിർമ്മാണവസ്തുക്കളുടെ വ്യാപാരത്തിലും നിർമ്മാണത്തിലും ഏർപ്പെട്ടവരും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വന്തം ഭൂമിയിൽ വീടും കൃഷിയും മാത്രമേ അനുവദിക്കു എന്നു വന്നതോടെ ഭൂമിയുടെ മൂല്യം തകർന്നടിഞ്ഞു. ഭൂമി പണയം വച്ച് മറ്റാവശ്യങ്ങൾക്ക് വായ്പയെടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഇനി ഉണ്ടാവുക. ഭൂമി ഈടുവച്ച് വായ്പ നൽകിയ ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും പ്രതിസന്ധിയിലാണ്. ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് വ്യാപാരി വ്യവസായി സംഘടനയും സംസ്ഥാനതലത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗവും കോടതിയും നിർദ്ദേശിച്ചിട്ടും ആവശ്യത്തിലധികം സമയം ലഭിച്ചിട്ടുംസർക്കാർ നിഷേധപരമായ സമീപനമാണ് സ്വികരിച്ചത്.സർക്കാർ നടപടി അപലപനീയമാണ്. തിരഞ്ഞെടുപ്പ് ആസന്നമായ സ്ഥിതിക്ക് ജനദ്രോഹപരമായ നീക്കം ഇത് പ്രതികൂലമായി ബാധിക്കുന്നവർ പ്രതികരിക്കാൻ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.പി. ഹസൻ (ജനറൽ സെക്രട്ടറി) സണ്ണി പെമ്പിള്ളിൽ (ട്രഷറർ) പി.എം. ബേബി (സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
.