കുമരകം: ചന്തത്തോട്ടിൽ കോണത്താറ്റു പലത്തിന് സമീപം ജലഗതാഗതം അസാധ്യമാക്കി തിങ്ങി നിറഞ്ഞ പുല്ല് നീക്കം ചെയ്ത് തുടങ്ങി. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് പുല്ല് നീക്കം ചെയ്യുന്നത്. വീതി കുറഞ്ഞ പാലത്തിൽ വാഹന കുരുക്ക് മാർഗ തടസം സൃഷ്ടിക്കുന്നതിനൊപ്പം പാലത്തിനടിയിൽ തോട്ടിൽ വളർന്നു തിങ്ങിയ പുൽക്കൂട്ടം ജലഗതാഗതത്തിനും തടസമായിരുന്നു. പാലത്തിന്റെ വടക്കുവശത്തായി പ്രവർത്തിച്ചിരുന്ന തടി മില്ലിലെ തടികൾ തോട്ടിൽ സൂക്ഷിച്ചിരുന്നതിനാൽ വള്ളങ്ങൾ തോടിന്റെ പടിഞ്ഞാറുവശം ചേർന്നാണ് സഞ്ചരിച്ചിരുന്നത്. അതോടെ പുല്ല് വളർന്ന് തോടു നിറയുകയായിരുന്നു മോട്ടോർ ബോട്ടുകൾ സഞ്ചരിച്ചിരുന്ന തോട്ടിലൂടെ മത്സ്യബന്ധന വള്ളങ്ങൾക്ക് പോലും സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.