പാലാ : ഒന്നരവർഷത്തെ കാത്തിരിപ്പ്... പാലാ സിവിൽസ്റ്റേഷൻ വളപ്പിലെ കംഫർട്ട്‌സ്‌റ്റേഷൻ ഇന്ന് തുറക്കും. സിവിൽ സ്റ്റേഷന് പുറകുവശത്തെ കംഫർട്ട്‌സ്‌റ്റേഷനിലേക്ക് കടക്കണമെങ്കിൽ കാട് കയറണമായിരുന്നു. രണ്ടാഴ്ച മുമ്പ് പാലാ പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കൽ ഒറ്റയ്ക്ക് ഈ കാട് തെളിച്ചു. കാടും പടലും കയറി ഇഴജന്തുക്കൾ താവളമാക്കിയ കംഫർട്ട്‌സ്‌റ്റേഷന്റെ ദുരവസ്ഥ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. മീനച്ചിൽ താലൂക്ക് ആസ്ഥാനമായ പാലാ സിവിൽ സ്റ്റേഷനിലും സബ് രജിസ്ട്രാർ ഓഫീസിലുമായി എത്തുന്ന നൂറുകണക്കിന് പൊതുജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനാണ് കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്.
5 മുറികളാണ് ഇവിടെയുള്ളത്. ഇവിടേക്ക് വൈദ്യുതിയും വെള്ളവും എത്തിക്കുന്നത് സംബന്ധിച്ച് പാലാ നഗരസഭാ അധികാരികളും സിവിൽ സ്റ്റേഷൻ അധികാരികളും തമ്മിലുള്ള തർക്കമാണ് ഉദ്ഘാടന ദിവസം പൂട്ടിയ കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതിനും കാരണമായി പറഞ്ഞിരുന്നത്. ഇന്നലെ നഗരസഭാ അധികാരികളും മീനച്ചിൽ തഹസിൽദാരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് കംഫർട്ട്‌സ്‌റ്റേഷൻ തുറക്കാൻ തീരുമാനമായത്.