കട്ടപ്പന: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരിഗണന പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിലേത്പോലെ മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് പാർട്ടി സജ്ജമാണ്. ജില്ലയിലെ പ്രധാനപ്പെട്ട 1000 പ്രാദേശിക ഭാരവാഹികൾക്ക് ഓരോ ബൂത്തിന്റേയും ചുമതല നൽകി. ഇന്ന് മുതൽ ബൂത്തുതല കുടുംബയോഗങ്ങൾ തുടങ്ങും. ഘടക കക്ഷികൾ തമ്മിലുള്ള പഞ്ചായത്തുതല ചർച്ചകളും ഇന്ന് പൂർത്തിയാകും. പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കാൻ ഡി.സി.സി. ആസ്ഥാനത്ത് വാർ റൂം സജ്ജമാക്കുമെന്നും ഓരോ നിയോജക മണ്ഡലത്തിനും ഹെൽപ്പ് ഡെസ്‌കുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. മേൽനോട്ടങ്ങൾക്കായി ഡി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ 10 അംഗ സമിതി രൂപീകരിക്കും. ഓരോ ബൂത്തിലും 5 അംഗങ്ങൾ വീതമുള്ള യുവജനവനിതവിദ്യാർത്ഥി സ്‌ക്വാഡുകൾ 7 മുതൽ രംഗത്തിറങ്ങും. ജയസാദ്ധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഡീൻ കുര്യാക്കോസ് എം.പി. യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഇ.എം. ആഗസ്തി, എ.കെ. മണി, തോമസ് രാജൻ, എം.എൻ. ഗോപി, എസ്. അശോകൻ, എ.പി. ഉസ്മാൻ, സി.പി. മാത്യു, എം.കെ. പുരഷോത്തമൻ, ജോണി കുളംപള്ളി, ജോയി വെട്ടിക്കുഴി, ജോർജ് ജോസഫ് പടവൻ, കെ.ജെ. ബെന്നി, കെ.ബി. സെൽവം, മനോജ് മുരളി, എസ്.ടി. അഗസ്റ്റിൻ, ഇന്ദു സുധാകരൻ, ജെയ്‌സൺ കെ.ആന്റണി, മകേഷ് മോഹൻ എന്നിവർ പങ്കെടുത്തു.