
ചങ്ങനാശേരി: കാലായിപ്പടി പുളിമൂട് റോഡിൽ കുറിച്ചി ഗ്രാമപഞ്ചായത്തിനു സമീപം വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണികൾക്ക് കുഴിച്ച കുഴി അപകട ഭീഷണി ഉയർത്തുന്നു. ഒരു മാസം മുൻപ് വാൽവ് തകരാർ പരിഹരിക്കുന്നതിന് കുഴിച്ച കുഴിയാണ് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും ഒരു പോലെ അപകട ഭീഷണി ഉയർത്തുന്നത്.
കാലായിപ്പടി റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിലാണ് കുഴി. ആറടിയോളം താഴ്ചയുള്ള കുഴിയാണിത്. വാട്ടർ അതോറിറ്റി പമ്പിംഗ് നടക്കുമ്പോൾ കുഴി നിറഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുന്നുണ്ട്. ഇത് യാത്രക്കാർക്കും കൊച്ചു കുട്ടികൾക്കും അപകട സാധ്യത ഉയർത്തുന്നു. അപ്രോച്ച് റോഡ് ടാറിംഗ് നടത്താത്തതിനാൽ ഈ റോഡുവഴിയുള്ള വാഹനയാത്ര തന്നെ ദുഷ്‌കരമായിരിക്കുകയാണ്. പൊടിപടലങ്ങൾ ഉയർത്തി വാഹനങ്ങൾ കടന്നു പോവുമ്പോൾ റോഡരികിലേക്ക് മാറി നിൽക്കാൻ പോലും കഴിയാത്ത ദുരവസ്ഥയാണ് കാൽനടയാത്രക്കാർക്കുള്ളത്. കുറിച്ചി പഞ്ചായത്ത് ഓഫീസ്, കുറിച്ചി വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി, പോസ്‌റ്റ് ഓഫീസ്,കൃഷി ഭവൻ, ആരാധനാലയം എന്നിവിടങ്ങളിലേക്ക് ദിവസവും നൂറു കണക്കിനാളുകളാണ് ഇതുവഴി കടന്നു പോവുന്നത്.