cheera

ചങ്ങനാശേരി: പാതയോരങ്ങളിൽ നാടൻ ചീര വിപണി സജീവമായി. വേനൽക്കാലമായതോടെ ചീരയുടെ സീസണുമാണ്. പാടശേഖരങ്ങളിൽ നെൽകൃഷി കഴിഞ്ഞതോടെ ഇനി പച്ചക്കറി കൃഷികളുടെ ആരംഭമാണ്. വിവിധ തരത്തിലുള്ള പച്ചക്കറികളായ പയർ, വെണ്ട, വഴുതന, തക്കാളി, വെള്ളരി, പാവൽ, പടവലം, കോവൽ തുടങ്ങി പച്ചക്കറികൃഷികളാണ് ചെയ്തിരിക്കുന്നത്. ഇടവിളകൃഷികളാണ് കൂടുതൽ. ഇവയിൽ ഏറ്റവും വേഗത്തിൽ പാകമാകുന്നത് ചീരയാണ്. വലിയ തോതിലുള്ള മുടക്ക് മുതൽ വേണ്ടാത്ത ഇനമാണ് ചീര.

പാതയോരങ്ങളിൽ വാഹനക്കച്ചവടവും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചുവപ്പും, പച്ചയും നിറത്തിലുള്ള ചീരയാണ് വിപണിയിലുള്ളത്. പാതയോരങ്ങളിൽ കെട്ടിനാണ് വില ഈടാക്കുന്നത്. ചെറിയ കെട്ടിന് 30, വലിയ കെട്ടിന് 50 എന്നിങ്ങനെയാണ് വില ഈടാക്കുന്നത്. കടകളിൽ തൂക്കത്തിനുമാണ് വില ഈടാക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളും ഫ്രഷുമായതിനാൽ നിരവധി ആളുകൾ വാഹനങ്ങൾ നിർത്തി വാങ്ങാറുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.

ചങ്ങനാശേരി തൃക്കൊടിത്താനം കുന്നുംപുറത്ത് കൃഷി ചെയ്തിരിക്കുന്ന ചീരയാണ് വില്പ്പനയ്ക്കായി എത്തിക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയുടെ പലഭാഗങ്ങളിലേയ്ക്കും വില്പ്പനയ്ക്കായി ചീര എത്തിക്കുന്നത്. മാർക്കറ്റുകളിൽ കൂടുതൽ തമിഴ്‌നാടൻ ചീരകളാണ് ലഭിക്കുന്നത്. കൊവിഡ് കാലമായതിനാൽ വരുമാനത്തിൽ കുറവ് വന്നതോടെ മറ്റ് ജോലികൾ ചെയ്തിരുന്ന യുവാക്കളിൽ പലരും കച്ചവടമേഖലയിലേയ്ക്ക് മാറി. ലോറി ഡ്രൈവറായിരുന്നു, വർക്ക് കുറവായതിനാൽ ഫ്രണ്ട്‌സ് സർക്കിൾ ചേർന്നാണ് വാഹനത്തിൽ ചീരവിലപ്പനയ്ക്ക് ഇറങ്ങിയത്. വിപണി മോശമില്ല, പല സ്ഥലങ്ങളിലായാണ് വിൽപന നടത്തുന്നതെന്ന് കച്ചവടക്കാരായ വിഷ്ണു പറഞ്ഞു.