kerala

ജോസ് പോയി ജോസഫ് വന്നതിനെക്കുറിച്ച് കോൺഗ്രസ്

കോട്ടയം : ചങ്ങനാശേരി ,ഏറ്റുമാനൂർ സീറ്റുകൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ കോട്ടയത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ പ്രതിഷേധം ശക്തമായി. രണ്ടിൽ കൂടുതൽ സീറ്റിന് അർഹതയില്ലാത്ത ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റു നൽകിയാൽ യു.ഡി.എഫ് റിബലായി മത്സരിക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് നേതാക്കളും സീറ്റ് കോൺഗ്രസിന് നൽകിയാൽ റിബൽ സ്ഥാനാർത്ഥിയാവുമെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം നേതാക്കളും രംഗത്തെത്തിയതോടെ ചങ്ങനാശേരി സീറ്റിനെ ചൊല്ലി കോൺഗ്രസ് -ജോസഫ് വിഭാഗം തർക്കം യു.ഡി.എഫിൽ പൊട്ടിത്തറിയായി. ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് നൽകുന്നതിനെതിരെ പരസ്യ പ്രസ്താവനയും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് വിട്ട് ജോസ് വിഭാഗം പോവുകയും ജോസഫ് വിഭാഗം നിൽക്കുകയും ചെയ്യുന്നതിനെ "മൂർഖനെ മടിയിൽ നിന്ന് ഇറക്കി വിട്ട് പകരം രാജവെമ്പാലയെ മടിയിൽ കയറ്റി ഇരുത്തിയതു പോലെയെന്നാണ് "ഒരുന്നത കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.

ചങ്ങനാശേരിയിൽ റിബൽപ്പടയും

ചങ്ങനാശേരി സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ഓൾ ഇന്ത്യ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) സ്ഥാപക ജനറൽ സെക്രട്ടറിയും ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവുമായ ബേബിച്ചൻ മുക്കാടൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സീറ്റ് കോൺഗ്രസിന് കൊടുത്താൽ റിബലായി മത്സരിക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് ഉന്നതാധികാര സമിതിയംഗവും സി.എഫ്.തോമസ് എം.എൽഎയുടെ സഹോദരനും ചങ്ങനാശേരി നഗരസഭാ മുൻ ചെയർമാനുമായ സാജൻ ഫ്രാൻസിസും പറഞ്ഞു.