can

കോട്ടയം : ഹരിതകേരളം മിഷന്റെ "ഇനി ഞാൻ ഒഴുകട്ടെ" മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള "വീണ്ടെടുക്കാം ജലശൃംഖലകൾ "എന്ന കാമ്പയിനിലൂടെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി ഇതുവരെ 25 നീർച്ചാലുകൾ വീണ്ടെടുത്തു. കോട്ടയം നഗരസഭയിലെ പുഴക്കര തോട്, ചിറ്റടി ചിറ തോട്, അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ കാക്കുഴി തോട്, അയ്മനം പഞ്ചായത്തിലെ കോലടിച്ചിറ കരീമഠം തോട്, ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ കടുവാമുഴി തോട്, കാണക്കാരി പഞ്ചായത്തിലെ റെയിൽവേ ലൈൻ തെന്നാട്ട് പടി തോട്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വലിയതോട്, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് ആനിക്കാട്- അരുവിക്കുഴി തോട്, പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കന്നുകുഴിതോട്, മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ കണ്ടാറ്റുപാടം തോട്, മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ പൈക തോട് , കിടങ്ങൂർ ഗ്രാമപഞ്ചായത്ത് എടക്കര തോട്, മീനടം ഗ്രാമപഞ്ചായത്ത് വലിയതോട്, ഉദയനാപുരം പഞ്ചായത്തിലെ പാമ്പിഴഞ്ഞാൽതോട്, വെച്ചൂർ പഞ്ചായത്തിലെ വല്യാറ തോട് തുടങ്ങിയ നീർച്ചാലുകളാണ് ആദ്യഘട്ടത്തിൽ വീണ്ടെടുത്തത്. തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ തോടുകളിലെ പോള നീക്കം ചെയ്യൽ, ആഴം കൂട്ടൽ, വീണ്ടെടുക്കുന്ന പുഴയോരങ്ങളിലെ സൗന്ദര്യ വത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയും നടത്തി.

കാമ്പയിന്റെ ലക്ഷ്യം

പരമാവധി പൊതുജനപങ്കാളിത്തം ഉറപ്പാക്കി ജലാശയങ്ങൾ വീണ്ടെടുക്കുന്നതിലൂടെ ജലസംരക്ഷണം ഒരു സാമൂഹിക ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന ബോദ്ധ്യം ജനങ്ങളിൽ എത്തിക്കുകകൂടിയാണ് കാമ്പയിന്റെ ലക്ഷ്യം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു നീർച്ചാൽ എങ്കിലും ശുചീകരിക്കണം എന്ന് ദേശീയ ഗ്രീൻ ട്രൈബ്യൂണലിന്റെ നിർദ്ദേശം മുൻനിറുത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇനി ഞാൻ ഒഴുകട്ടെ ഒന്നും രണ്ടും കാമ്പയിന്റെ ഭാഗമായി ജില്ലയിൽ 353 കിലോമീറ്ററോളം നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞിരുന്നു.