
കിഴിവ് ചോദിച്ച് മില്ലുകാർ, നഷ്ടം സഹിച്ച് നെൽകർഷകർ
വൈക്കം: ചൂഷണം എന്ന് അവസാനിക്കും? ഞങ്ങളുടെ അധ്വാനമാണ് ഇവിടെ കൂനകൂട്ടിയിരിക്കുന്നത് !. ഈ വാക്കുകളിൽ നിറയുന്നത് നിരാശയാണ്. ഇവിടെ കർഷകർ നിസഹായരാണ്. വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും പാടശേഖരങ്ങളിൽ കിഴിവിന്റെ പേരിൽ നെല്ല് സംഭരണം വൈകുമ്പോൾ കർഷകർക്ക് കണ്ണീർ മാത്രം.വെച്ചൂരിലും കല്ലറയിലും സമീപ പ്രദേശമായ നീണ്ടൂരിലുമാണ് നെല്ല് കെട്ടിക്കിടക്കുന്നത്. കിന്റലിന് 17 കിലോ വരെയാണ് സ്വകാര്യ മില്ലുകാർ കിഴിവ് ആവശ്യപ്പെടുന്നത്. ഇതോടെ കർഷകരുടെ പ്രതിഷേധം കനക്കുകയാണ്. തലയാഴത്ത് തെക്കേവെന്തകരി പാടശേഖരത്തിലെ 85 ഏക്കറിലെ 500 ടണ്ണോളം നെല്ല് ദിവസങ്ങളോളം സംഭരിക്കാതെ കിടന്നതിനെ തുടർന്ന് കർഷകർ ഗത്യന്തരമില്ലാതെ ഏഴ് കിലോഗ്രാം കിഴിവിൽ നെല്ല് കയറ്റിവിട്ടു. പരമാവധി നാലു കിലോ വരെ കിഴിവു നൽകേണ്ട സാഹചര്യത്തിലാണ് കർഷകർ ഏഴ് കിലോ കിഴിവ് നൽകിയത്. കർഷകൻ പെട്രോളൊഴിച്ചു ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് കല്ലറ മുണ്ടാറിൽ മൂന്നാഴ്ചയോളം കെട്ടിക്കിടന്ന നെല്ല് സംഭരിക്കാൻ അധികൃതർ നടപടി സ്വീകരിച്ചത്. വെച്ചൂർ ചെറുവള്ളിക്കരിയിൽ 200 ഏക്കറോളം വരുന്ന പാടശേഖരത്തിൽ നെല്ല് കെട്ടിക്കിടക്കുകയാണ്. വെച്ചൂർ ആർപ്പൂക്കര വില്ലേജുകളുടെ പരിധിയിലാണ് ഈ പാടശേഖരം. സമീപ പ്രദേശമായ നീണ്ടൂരിലും സമാന അവസ്ഥയാണ്.
പകരം ഉദ്യോഗസ്ഥനില്ല
ജില്ലാ പാഡി ഓഫീസർ സ്ഥലംമാറി പോയതിന് ശേഷം പകരം ഉദ്യോഗസ്ഥനെത്താത്തതും നെല്ലുസംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. 100 കിലോ നെല്ല് സംഭരിച്ചാൽ മില്ലുകാർ 64 കിലോഗ്രാം അരി സർക്കാരിന് തിരിച്ചുനൽകണം. നെല്ലിൽ പതിരും കച്ചിയുടെ അംശങ്ങളും മറ്റ് അവശിഷ്ടങ്ങളും വേർതിരിച്ചു കഴിഞ്ഞ് സംസ്‌കരിച്ചു അരിയാക്കുമ്പോൾ 64 കിലോ അരി ലഭിക്കുന്നില്ലെന്നാണ് മില്ലുടമകൾ ആരോപിക്കുന്നതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.