കോട്ടയം: സീസൺ എത്തിയതോടെ മാമ്പഴ വിപണി സജീവമായി. നാടൻ മാമ്പഴങ്ങളും വിപണിയിൽ എത്തിത്തുടങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം നാടൻ മാമ്പഴത്തിന്റെ ഉത്പാദനത്തിൽ നേരത്തെ കുറവ് നേരിട്ടിരുന്നു. പടിഞ്ഞാറൻ മേഖലകളിൽ മാമ്പഴങ്ങൾ സുലഭമാകുമ്പോൾ കിഴക്കൻ മേഖലകളിൽ മാമ്പഴ ഉല്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ നിന്ന് എത്തിക്കുന്ന മാമ്പഴങ്ങളാണ് കിഴക്കൻ മേഖലകളിലേയ്ക്ക് വില്പനയ്ക്കായി കൊണ്ടുപോകുന്നത്. കഴിഞ്ഞ മാസം വരെ മാമ്പഴത്തിന്റെ ലഭ്യതക്കുറവ് മൂലം വിലയും ഉയർന്നിരുന്നു. നാടൻ മാമ്പഴങ്ങൾ എത്തിയതോടെ വിലയിൽ കുറവ് വന്നിട്ടുണ്ട്. മുവാണ്ടൻ മാങ്ങയാണ് വിപണിയിൽ സജീവം. പഴുത്ത മാങ്ങ 80, പച്ചമാങ്ങ 50 എന്നിങ്ങനെയാണ് വില നിലവാരം. അൽഫോൺസാ മാങ്ങ, പേരയ്ക്കാ മാങ്ങ, കിളിച്ചുണ്ടൻ തുടങ്ങിയവ പാലക്കാട് ജില്ലയിലെ മുതലട, കൊല്ലങ്കോട് എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. നാടൻ മാമ്പഴത്തിനാണ് ആവശ്യക്കാർ ഏറെ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് മാവ് പൂക്കുന്നത്. നവംബറിൽ വിളവെടുപ്പ് ആരംഭിക്കും. മെയ് പകുതിവരെ മാമ്പഴ സീസൺ നീണ്ടുനിൽക്കും. കൃത്രിമ മാമ്പഴങ്ങളും വിപണിയിൽ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം മാമ്പഴങ്ങൾക്ക് മധുരക്കുറവാണ്. പുളിരസവും അനുഭവപ്പെടുന്നു.

വില്പന പാതയോരങ്ങളിൽ

പാതയോരങ്ങളിലും നാടൻ മാമ്പഴ വിപണിയും സജീവമായി. മൂന്ന് കിലോ നൂറ് എന്ന നിലയിലാണ് പാതയോരങ്ങളിൽ വില്പന പുരോഗമിക്കുന്നത്.