vasavan

കോട്ടയം : ജില്ലയിൽ സി.പി.എം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായി. ഏറ്റുമാനൂരിൽ വി.എൻ.വാസവനും, കോട്ടയത്ത് അഡ്വ.കെ.അനിൽകുമാറും, പുതുപ്പള്ളിയിൽ ജയ്ക്ക് സി തോമസിനെയും മത്സരിപ്പിക്കാനാണ് ധാരണ. ഉമ്മൻചാണ്ടിയ്ക്കെതിരെ പുതുപ്പള്ളിയിൽ പൊതുസ്വതന്ത്രനെ അവസാനം പരിഗണിച്ചാൽ മാറ്റമുണ്ടാകാം. തുടർച്ചയായി രണ്ടു തവണ മത്സരിച്ചവരെയും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും ഒഴിവാക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ തീരുമാനിച്ചെങ്കിലും ജില്ലാ സെക്രട്ടറി കൂടിയായ വാസവന് ഇളവ് നൽകുകയായിരുന്നു. രണ്ടുതവണ തുടർച്ചയായി ജയിച്ച ആരെയും പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചതിനാൽ സുരേഷ് കുറുപ്പിന് ഇളവ് ലഭിച്ചില്ല.

സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം വോട്ടെടുപ്പിലൂടെ വാസവന്റെ പേര് മാത്രം സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്തത് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിൽ ഭൂരിപക്ഷ സമുദായമായ ഈഴവ വിഭാഗത്തിന് ഇതോടെ ഇടതുമുന്നണി സ്ഥാനാർത്ഥിത്വത്തിൽ പ്രാതിനിധ്യവുമായി. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും, സി.ഐ.ടിയു നേതാവുമായിരുന്ന വാസവൻ ആറു വർഷമായി സി.പി.എം ജില്ലാ സെക്രട്ടറിയാണ്. കൂടാതെ ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ അഭയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനാണ്. 2006 ൽ കോൺഗ്രസിലെ അജയ് തറയലിനെ തോൽപ്പിച്ച് കോട്ടയത്ത് നിന്ന് എം.എൽ.എയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് വികസന സമിതിയിലെ ഏക അനൗദ്യോഗികാംഗമെന്ന നിലയിൽ കോടികളുടെ വികസന പദ്ധതികളിലൂടെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തലത്തിലേക്ക് ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. റബ്കോ ചെയർമാൻ കൂടിയായിരുന്ന വാസവൻ സാംസ്കാരിക മേഖലയിൽ സജീവസാന്നിദ്ധ്യമായ നവലോകം കൾച്ചറൽ സെന്ററിന്റെ പ്രസിഡന്റുമാണ്.

പ്രമുഖ അഭിഭാഷകനായ അഡ്വ.കെ.അനിൽകുമാർ പരിസ്ഥിതി പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. മീനച്ചിലാർ മീനന്തലയാർ കൊടുരാർ സംയോജന പദ്ധതിയിലൂടെ കൂടുതൽ നീർച്ചാലുകൾ വെട്ടി തുറന്നു. ഏക്കർ കണക്കിന് തരിശുഭൂമികൾ കൃഷിയിടമാക്കി. മലരിക്കൽ ‌ടൂറിസം പദ്ധതിയിലൂടെയും കേരളമാകെ ശ്രദ്ധേയനായ വ്യക്തിയാണ്. ദീർഘകാലം കോട്ടയം അർബൻ ബാങ്ക് പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ , ഡി.വൈ.എഫ് ഐ പ്രവർത്തനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തി ഇപ്പോൾ സി.പി.എം ജില്ലാ കമ്മറ്റിയംഗമാണ്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

സി.എം.എസ് കോളേജ് വിദ്യാർത്ഥിയായിരിക്കെ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിന് നടത്തിയ സമരത്തിലൂടെ കോളേജിൽ നിന്ന് പുറത്താക്കിയതിലൂടെ ശ്രദ്ധേയനായ ജയ്ക്ക് സി.തോമസ് എസ്.എഫ് ഐ മുൻ സംസ്ഥാന പ്രസിഡന്റും, നിലവിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും, സി.പി.എം ജില്ലാ കമ്മിറ്റി യംഗവുമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ച് ഭൂരിപക്ഷം കുറച്ചിരുന്നു.